നീലേശ്വരം: നീണ്ട 50 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങി മുൻ സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറി കരുവാക്കൽ ദാമോദരൻ. ദേശാഭിമാനി ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ഇദ്ദേഹം എസ്.എഫ് ഐ, കെ.എസ്.വൈ.എഫ്, ഡി.വൈ.എഫ്.ഐ എന്നിവ വഴി കാസർകോട് ജില്ലയിൽ സി.പി.എമ്മിന് അതിശക്തമായ സംഘടനാസംവിധാനമുള്ള നീലേശ്വരം ഏരിയാസെക്രട്ടറിയായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു. ഏരിയാകമ്മിറ്റി അംഗമായിരിക്കെയാണ് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
അതൃപ്തിയാണ് സംഘടനാപ്രവർത്തനത്തിൽ നിന്നും ഇദ്ദേഹം മാറിനിൽക്കുന്നതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പാർട്ടി ഏരിയാകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. ഇതുസംബന്ധിച്ച് ഇതുവരെ പാർട്ടി ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചില്ലെന്നാണ് വിവരം. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയാണ് നിലവിൽ ഇദ്ദേഹം.
മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് അവധിയെടുത്താണ് കരുവക്കാൽ ദാമോദരൻ രണ്ടു ടേമിൽ സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറിയായത്. രണ്ടാംതവണ ശക്തമായ മത്സരത്തിനൊടുവിലാണ് സമ്മേളനത്തിൽ സെക്രട്ടറിയായത്. മൂന്നാം ടേമിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതോടെ കമ്മിറ്റിയംഗമായി തുടരുകയായിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കരുത്തുള്ള ഘടകത്തെ നയിച്ചിട്ടും ജില്ലാകമ്മിറ്റിയിലേക്കും കരുവക്കാലിനെ തിരഞ്ഞെടുത്തിരുന്നില്ല. കർഷക സംഘം നീലേശ്വരം ഏരിയ സെക്രട്ടറി സ്ഥാനവും ഏറെക്കാലം വഹിച്ചിരുന്നു.
പിന്മാറ്റത്തിന് പിന്നിൽ അതൃപ്തി?
നീലേശ്വരം നഗരസഭയിൽ താമസിക്കുന്ന കരുവക്കാൽ ദാമോദരനെ ഒരു ഘട്ടത്തിലും ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചിരുന്നില്ല. താരതമ്യേന പാർട്ടിയിൽ ജൂനിയറായ നേതാക്കളെ പോലും അദ്ധ്യക്ഷപദവിയിലേക്ക് പരിഗണിച്ചപ്പോഴും തഴഞ്ഞതിന്റെ വേദന ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് അടുപ്പക്കാർ പറയുന്നത്. നേരത്തെ നീലേശ്വരം കേന്ദ്രീകരിച്ച് വി.എസ് അനുകൂല പ്രകടനവും വി.എസ് ഓട്ടോസ്റ്റാൻഡിന്റെ പ്രവർത്തനവും പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നു. ഈ ഘട്ടത്തിൽ ഏരിയാകമ്മിറ്റിയെ നയിച്ച കരുവക്കാൽ പ്രതിഷേധക്കാർക്ക് രഹസ്യപിന്തുണ നൽകിയെന്ന ആക്ഷേപം ഉയർന്നിരുന്നു.
നീലേശ്വരത്തെ പിൻമാറ്റം തുടർകഥ
നേരത്തെ മുൻ ജില്ലാകമ്മിറ്റിയംഗവും മൂന്നുതവണ നീലേശ്വരം ഏരിയാസെക്രട്ടറിയും മുൻ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി പാർട്ടി അച്ചടക്കനടപടിക്ക് പിന്നാലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. നേതൃത്വം പല തവണ ഇടപെട്ടിട്ടും അനുനയപ്പെടാതെ മാറിനിന്ന ഇദ്ദേഹം അവസാനഘട്ടത്തിൽ ബ്രാഞ്ചിൽ മെമ്പർഷിപ്പ് പുതുക്കുകയായിരുന്നു. ഇതിന് പിന്നാലെ ശാരീരിക അവശത അനുഭവപ്പെട്ട് കിടപ്പിലായ ഇദ്ദേഹം നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനു പുറമെ നീലേശ്വരം സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ. രതീഷ്, പള്ളിക്കരയിലെ സുഭാഷ് എന്നിവരും സജീവ പ്രവർത്തനം അവസാനിപ്പിച്ചവരിൽ പെടുന്നു. ജില്ലയിൽ പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ സംഘടന സംവിധാനമുള്ള മടിക്കൈ, കിനാനൂർ -കരിന്തളം എന്നിവിടങ്ങളിൽ നിർണായക സ്വാധീനമുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന നേതൃത്വത്തിനു മുന്നിൽ ഗൗരവത്തോടെ എത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |