SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ജില്ലകളിൽ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് തുറക്കണമെന്ന ആവശ്യം ശക്തം

udf
യു.ഡി.എഫ്

കാസർകോട്: ഭരണതലത്തിലെ നടപടികൾ ലഘൂകരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ എളുപ്പം നിറവേറ്റുന്നതിനും ജില്ലാതലങ്ങളിൽ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് തുറക്കണമെന്ന ആവശ്യം യു.ഡി.എഫിനുള്ളിൽ ശക്തമായി. ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ വിവിധ ജില്ലകളിൽ നിന്നും മുഖ്യമന്ത്രിക്ക് അയയ്ക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ യു.ഡി.എഫ് യോഗങ്ങളിലും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം ഷാജിക്ക് ചുമതലയുള്ള കാസർകോട് ജില്ലയിലും മന്ത്രിയുടെ ക്യാമ്പ് ഓഫീസ് വേണമെന്ന ചർച്ച മുറുകിയിട്ടുണ്ട്. കൃഷി മന്ത്രി ടി. സിദ്ദിഖ് വയനാട് ജില്ലയിലും മന്ത്രി ബിന്ദു കൃഷ്ണ കൊല്ലത്തും ക്യാമ്പ് ഓഫീസ് തുറന്നിട്ടുണ്ട്. ജില്ലകളുടെ ചുമതല നൽകിയ മന്ത്രിമാർ കുറവായതിനാൽ ക്യാമ്പ് ഓഫീസുകൾ തുറക്കുന്നത് ഏറെ പ്രയോജനം ചെയ്യും. ജില്ലകളിലെ ജനങ്ങൾക്ക് മന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കുന്നതിനും പൊതുജന പരാതികൾ, അപേക്ഷകൾ, വികസന ആവശ്യങ്ങൾ എന്നിവ സമയബന്ധിതമായി പരിഹരിക്കുന്നതിനും ക്യാമ്പ് ഓഫീസ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ക്യാമ്പ് ഓഫീസുകൾ തുറന്നാൽ

1. സെക്രട്ടേറിയറ്റിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരന്തര യാത്രകൾ ഒഴിവാക്കി ജനങ്ങൾക്ക് രാഷ്ട്രീയപ്രവർത്തകർക്കും സമയവും സാമ്പത്തിക ചിലവും ലാഭിക്കാം.

2. ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും സൗകര്യമൊരുങ്ങും.

3. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ മികച്ച ഏകോപനം സാധ്യമാകും.

4. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും എത്തിക്കാം.

5. ജനകീയവും സുതാര്യവുമായ ഭരണസംവിധാനം ശക്തിപ്പെടുത്താം

ദീർഘകാല ആവശ്യം, പൊതുതാൽപര്യം

ജില്ലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യവും പൊതുതാൽപര്യവും പരിഗണിച്ച് ജില്ലയിൽ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് വിവിധ സംഘടനകൾ. ജനങ്ങളിലേക്കിറങ്ങുന്ന ഭരണമാണ് നല്ല ഭരണം' എന്ന ആശയം കൂടുതൽ ശക്തിപ്പെടുത്താൻ ഈ നടപടി സഹായകമാകുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കാസർകോട് ജില്ലയിൽ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് തുറക്കണമെന്ന് അന്നത്തെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി എ.കെ ശശീന്ദ്രനോട് ഘടകകക്ഷികളിൽ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലാക്കുന്നതിന് മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപടലൊന്നും ഉണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL