SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

മടക്കര ഹാർബർ മലിനീകരണ പ്രശ്നത്തിന് ഇടപെടൽ സമയക്രമീകരണം, ശുചിത്വത്തിന് കൂടുതൽ സമയം

tn-
മടക്കര ഹാർബർ പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡണ്ട് ടി നാരായണൻ സംസാരിക്കുന്നു

ചെറുവത്തൂർ: മടക്കര ഹാർബറിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഹാർബറിലും പരിസരത്തും ശുചിത്വം പാലിക്കുന്നതിന് തീരുമാനം. ഫിഷിംഗ് ഹാർബറിൽ സമയ ക്രമീകരണം നടപ്പിലാക്കും. ശുചീകരണത്തിന് കൂടുതൽ സമയം അനുവദിക്കുകയും ചെയ്യും.

രാവിലെ 7 മുതൽ രാത്രി 8 വരെ മത്സ്യം ഇറക്കി വിൽക്കുന്നതിനും രാത്രി 12നുള്ളിൽ പുറത്തേക്ക് കയറ്റി അയയ്ക്കുന്നതിനും തീരുമാനമായി. രാത്രി 12 മുതൽ രാവിലെ 7 മണി വരെയുള്ള സമയം ഹാർബർ ശുചീകരിക്കും. ശുചീകരണത്തിനായി നിലവിലുള്ളതിനു പുറമെ രണ്ട് തൊഴിലാളികളെ കൂടി നിയമിക്കും. രണ്ടു മോട്ടോർ അധികമായി അനുവദിക്കാൻ അധികാരികളോട് ശുപാർശ ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്റെ അദ്ധ്യക്ഷതയിൽ രണ്ടര മണിക്കൂറിലേറെ നീണ്ട യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മത്സ്യത്തൊഴിലാളി, ബോട്ട് ഉടമ, മീൻ കച്ചവടക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.

ഹാർബറിൽ ശുചിത്വം ഇല്ലാത്തതിനാൽ സമീപത്തെ ജനങ്ങൾക്ക് കോളറയും ഛർദിയും വയറിളക്കവും പിടിപെട്ടതായും അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ഹാർബർ പൂട്ടിയിടേണ്ടിവരുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഹാർബർ ആയത് മുമ്പുണ്ടായിരുന്ന സമയക്രമം അട്ടിമറിച്ചാണെന്നും ആക്ഷേപം ഉണ്ടായി. ചെറിയ മത്തി വന്നു തുടങ്ങിയതോടെയാണ് ഹാർബർ ഇത്രയധികം മലിനമായത് എന്നും ചെറിയ മത്തി ആരും എടുക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഒരു പ്രതിനിധി പറഞ്ഞു. ഹാർബർ കേന്ദ്രീകരിച്ച് സാമ്പത്തിക അഴിമതി ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് മയക്കുമരുന്ന് വിൽപ്പന അടക്കമുള്ള നിയമവിരുദ്ധ ഏർപ്പാടുകൾ നടക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജനപ്രതിനിധികളായ എം. രാമചന്ദ്രൻ, പി. ശശിധരൻ, പത്താനത്ത് കൃഷ്ണൻ, മുട്ടത്ത് കരുണാകരൻ, രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂണിയൻ പ്രതിനിധികളായ മൂത്തൽ കണ്ണൻ, എം. കുഞ്ഞിക്കണ്ണൻ, ടി.സി.എ റഹ്മാൻ, പ്രദീപൻ തുരുത്തി, സി.എ അമ്പാടി, എം.വി ശ്രീധരൻ, ഷാജി, റഷീദ് പൂമാടം, ടി. കുഞ്ഞഹമ്മദ്, പി.വി കൃഷ്ണൻ, രാമകൃഷ്ണൻ വെങ്ങാട്ട്, ടി. സുകുമാരൻ, മധുസൂദനൻ, നൗഫൽ, കെ. കലാം തുടങ്ങിയവർ സംസാരിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയും

1. ഫിഷറീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ഹാർബറിൽ പരിശോധന നടത്തും

2. പുറത്തു നിന്നു വരുന്ന മീൻ ലോറികൾ മാലിനവെള്ളം ഹാർബറിലെ ഓവുചാലിൽ തന്നെ ഒഴുക്കണം.

3. മീൻ ലോറികൾ ഹാർബറിന് അകത്തും പുറത്തും അലക്ഷ്യമായി വണ്ടി നിർത്തി വെള്ളം ഒഴുക്കുന്നത് തടയും.

4. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ഓവുചാൽ വൃത്തികേടാക്കുന്നതും മൂടുന്നതും അവസാനിപ്പിക്കും.

5. ഹാർബറിലെ ഓവുചാലുകൾ വൃത്തിയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, HARBOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL