SignIn
Kerala Kaumudi Online
Saturday, 10 October 2026 3.27 AM IST

കേന്ദ്ര സർവകലാശാലയിൽ എസ്.എഫ്.ഐ മാർച്ചിനു നേരെ ജലപീരങ്കി, മാദ്ധ്യമ പ്രവർത്തകർക്ക് വിലക്ക്

2
കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ പ്രക്ഷോഭം സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

കാസർകോട്: വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യവു മായി വിദ്യാർത്ഥിസമരം രൂക്ഷമായ പെരിയ കേന്ദ്ര സർവകലാശാലയിലേക്ക് മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് അധികൃതർ വിലക്കി. അകത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ മാദ്ധ്യമപ്രവർത്തകരെ കടത്തിവിടാതെ ഗേറ്റിന് മൂന്നിൽ തടയുകയായിരുന്നു. അതേ സമയം സർവ്വകലാശാലയ്ക്ക് പുറത്ത് വലിയ പ്രതിഷേധമാണ് വെള്ളിയാഴ്ച ഉണ്ടായത്.

പ്രതിഷേധക്കാരെ മുള്ളുവേലി ബാരിക്കേഡ് വച്ചാണ് നടഞ്ഞത്. എസ്.എഫ്.ഐ പ്രതിഷേധ മാർച്ചിൽ സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ബിബിൻരാജ് പയ്യാം, ജില്ലാ പ്രസിഡന്റ് എം.അനുരാജ്, ജില്ലാ സെക്രട്ടറി മുഹമ്മദ് അദിനാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. സസ്പെൻഷൻ പിൻവലിക്കുന്നതുവരെ സർവകലാശാലയ്ക്കുള്ളിലെ സമരം തുടരുമെന്നും ചീഫ് പ്രോക്ടർ സ്ഥാനത്തു നിന്ന് പ്രൊഫ. ശ്രീകുമാർ രാജിവെക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

വന്ദേമാതരം സെമിനാറാണ് വിവാദത്തിന് തുടക്കമിട്ടത്. ആർ.എസ്.എസുമായി ബന്ധമുള്ള സാഹിത്യ സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. സെമിനാറിൽ ആർ.എസ്.എസ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ ആദ്യദിവസം തന്നെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാറിന്റെ പങ്കാളിത്തത്തിനെതിരെയായിരുന്നു പ്രധാന പ്രതിഷേധം. ഏഴിന് നടന്ന സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ പ്രസംഗമാണ് രണ്ടാംഘട്ട പ്രതിഷേധത്തിന് വഴിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 25 വിദ്യാർഥികൾക്കെതിരെ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ച് വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ അധികൃതർ അനുകൂല നിലപാട് സ്വീകരിക്കാത്തതോടെ സർവകലാശാലയ്ക്കുള്ളിലും പുറത്തും പ്രതിഷേധം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CUK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL