കാസർകോട്: ഗൾഫ് വ്യവസായിയായ ഉദുമ സ്വദേശി അബ്ദുൽ അഹദിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇയാളെ പിടികൂടാനുള്ള പൊലീസ് നീക്കം കൂടുതൽ ശക്തമാക്കി. നിലവിൽ ഖാദർ കരിപ്പൊടി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ വധശ്രമക്കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലും മുൻകൂർ ജാമ്യം തേടിയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കേസ്.
ഉദുമ സ്വദേശിയായ അബ്ദുൽ അഹദിനെ കാസർകോട് നുള്ളിപ്പാടിയിലെ ഒരു ഭക്ഷണശാലയ്ക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഖാദർ കരിപ്പൊടിയും സംഘത്തിൽപ്പെട്ടവരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.ഇരുമ്പുവടി, പേനാക്കത്തി തുടങ്ങിയവ ഉപയോഗിച്ച് അക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഖാദർ കരിപ്പൊടി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്തത്.അബ്ദുൽ അഹദിനെ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വ്യാപക ചർച്ചയ്ക്കിടയാക്കിയിരുന്നു. കേസിൽ ഖാദർ കരിപ്പൊടിക്കൊപ്പം സുഹൃത്തുക്കളായ റാഷിദ്, അഷ്റഫ് എന്നിവരെയുമാണ് പ്രതികളാക്കിയിരുന്നത്.
ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിന്റെ ഗൗരവവും മുൻകാല കേസുകളും പരിഗണിച്ചാണ് ജില്ലാ കോടതിയും ഹൈക്കോടതിയും ഇപ്പോൾ സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഒളിവിലിരിക്കെയും സാമൂഹിക മാധ്യമങ്ങളിൽ സജീവം പൊലീസ് തിരയുന്നതിനിടയിലും ഖാദർ കരിപ്പൊടി സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽ പ്രചാരണ വീഡിയോകളും മറ്റ് വീഡിയോകളും പങ്കുവെച്ചിരുന്നു. ഇതോടെ ഒളിവിലുള്ള പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.വധശ്രമക്കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടും മാധ്യമങ്ങൾക്കും പരാതിക്കാരനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടും നേരത്തെ വീഡിയോകൾ പുറത്തുവന്നിരുന്നു.ഖാദർ കരിപ്പൊടിക്കെതിരായ പോക്സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ യൂട്യൂബിലൂടെ പ്രചരിപ്പിച്ചെന്ന വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
The Supreme Court rejected YouTuber Khadar Karippodi's anticipatory bail plea in the attempted murder case of Gulf businessman Abdul Ahad. Police have intensified their search for Karippodi, who is currently absconding. Lower courts previously denied his bail, citing the seriousness of the financial dispute-related crime.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |