ചെറുവത്തൂർ: ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഇരുട്ടുമുറിയിൽ വർഷങ്ങളായി ആരോരുമില്ലാതെ നരകയാതന അനുഭവിക്കുന്ന വൃദ്ധ ദമ്പതികൾ ജീവിതത്തിന്റെ സായംസന്ധ്യയിൽ തണൽ തേടുന്നു. കഷ്ടപ്പാടിന്റെ അങ്ങേയറ്റം വരെ അനുഭവിച്ചു തീർത്ത, മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്തെ ഈ പാവങ്ങളെ മതിയായ സംരക്ഷണം കിട്ടുന്ന വൃദ്ധസദനത്തിലെങ്കിലും എത്തിച്ചിരുന്നെങ്കിൽ...
മൂന്നര പതിറ്റാണ്ടുകളായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ അന്തേവാസിയായ എറണാകുളം അയ്യപ്പൻകാവ് സ്വദേശി പി.പി ജോൺ (77), ഭാര്യ സെലീന (74) എന്നിവരാണ് ഇപ്പോൾ സംരക്ഷണത്തിനായി കൊതിക്കുന്നത്. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഷീറ്റ് കൊണ്ടുപൊതിഞ്ഞ പഴഞ്ചൻ കെട്ടിടത്തിലെ വെള്ളവും വെളിച്ചവും ഇല്ലാത്ത ഇരുട്ടുമുറിയിലാണ് വൃദ്ധദമ്പതികൾ നാളുകൾ തള്ളിനീക്കുന്നത്.
ഇരുകാലുകൾക്കും നീരുവന്ന് വടിയും കുത്തിയാണ് ജോണിന്റെ നടപ്പ്. മടങ്ങാത്ത കാലുകളുമായി ജോൺ കഷ്ടപ്പെടുമ്പോൾ എഴുന്നേറ്റ് നില്ക്കാൻ പോലും ശേഷിയില്ലാതെ നിരങ്ങിനീങ്ങുകയാണ് സെലീന. വേദന അസഹ്യമാകുമ്പോൾ രാത്രി കിടന്നു കരയുകയാണ് ഇരുവരും.
പഴയകാലത്ത് നല്ല സമ്പത്തും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസുമായി 1984 ജനുവരി നാലിന് മീൻ പിടിക്കാനായി എറണാകുളത്ത് നിന്ന് ചെറുവത്തൂരിൽ എത്തിയതാണ് ജോൺ. ടി.ടി അബ്ദുള്ളക്കുഞ്ഞിയുടെ ബോട്ടിൽ മീൻ പിടിക്കാൻ പോകുന്നതിന്റെ സൗകര്യം കണക്കിലെടുത്ത് കിഴക്കേമുറിയിൽ ആയിരുന്നു താമസം. നാട്ടിലുണ്ടായിരുന്ന പറമ്പും വീടുമെല്ലാം ആരൊക്കെയോ കൊണ്ടുപോയി. മീൻ പിടിച്ചു വരുമാനം ഉണ്ടായ കാലത്ത് കൂടെ പണിയെടുക്കുന്നവർക്ക് വേണ്ടി ചെറുവത്തൂരിൽ അഞ്ചുമുറി 89,640 രൂപ വാടകയ്ക്ക് എടുത്തതോടെയാണ് ജോണിന്റെ കഷ്ടകാലം തുടങ്ങിയത്. ഒഴിഞ്ഞുപോകാൻ വേണ്ടി കെട്ടിടം ഉടമയുടെ മകനെത്തി ഇറക്കിവിടാൻ നോക്കി. ക്വട്ടേഷൻ സംഘത്തെ വെച്ച് ആക്രമിച്ചു. തലയിൽ വെട്ടേറ്റു ഏറെ കാലം ചികിത്സയിൽ കഴിഞ്ഞു. വർഷങ്ങളോളം കേസ് നടത്തി. ഈ വർഷം ഫെബ്രുവരിയാണ് കേസ് വിട്ടത്. ചന്തേരയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കെട്ടിട ഉടമയ്ക്കു വേണ്ടി തങ്ങളെ ഇരുട്ടുമുറിയിലാക്കിയെന്നാണ് ജോൺ ആരോപിക്കുന്നത്.
ആകെയുള്ള വരുമാനം
4000 രൂപ പെൻഷൻ
സർക്കാർ പെൻഷനായി മാസം തോറും കിട്ടുന്ന 4000 രൂപയാണ് ആകെയുള്ള വരുമാനം. ചെറുവത്തൂരിലെ സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായത്തിലാണ് ജീവിതം. ചികിത്സയ്ക്കായി മാസത്തിൽ നല്ലൊരു തുക കണ്ടെത്തണം. ആരോടും ഇന്നുവരെ മോശമായി പെരുമാറാത്ത, മോശം ശീലങ്ങളൊന്നും ഇല്ലാത്ത ഈ ദമ്പതികളോട് നാട്ടുകാർക്കെല്ലാം വലിയ സ്നേഹമാണ്. ചെറുവത്തൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും തങ്ങളെ മാന്യമായി പരിഗണിച്ചു സഹായിച്ചിരുന്നുവെന്ന് ജോൺ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |