SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.08 AM IST

തട്ടിക്കൂട്ട് സംവിധാനത്തിൽ വീർപ്പുമുട്ടി കൊട്ടാരക്കര ഫയർസ്റ്റേഷൻ

photo

കൊട്ടാരക്കര: ഇത്തവണയും സംസ്ഥാന ബഡ്ജറ്റിൽ കൊട്ടാരക്കര ഫയർ സ്റ്റേഷൻ വികസനം ഉൾപ്പെട്ടില്ല. മന്ത്രിയുടെ മണ്ഡലത്തിലായിട്ടും ഫയർ സ്റ്റേഷന്റെ പ്രവർത്തനം തട്ടിക്കൂട്ട് സംവിധാനത്തിൽ വീർപ്പുമുട്ടുന്നു. 2010ൽ ആണ് കൊട്ടാരക്കരയിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പതിമൂന്നാണ്ട് പിന്നിടുമ്പോഴും ഫയർ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല. ഇത്തവണത്തെ ബഡ്ജറ്റിലെങ്കിലും കാര്യമായ പരിഗണന പ്രതീക്ഷിച്ചിരുന്നതാണ്. ഫലമുണ്ടായില്ല.

സസ്യമാർക്കറ്റ് ഫയർസ്റ്റേഷനായി

കൊട്ടാരക്കര നഗരസഭയുടെ സസ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് 2010ൽ ഫയർ സ്റ്റേഷൻ സ്ഥാപിച്ചത്. മാർക്കറ്റിനുവേണ്ടി ആസ്പറ്റോസ് ഷീറ്റിട്ട് നിർമ്മിച്ച മൂന്നു മുറികളിലാണ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും വിശ്രമിക്കുന്നത്. വേനൽക്കാലത്തിന്റെ ആരംഭമായപ്പോൾത്തന്നെ ഇതിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന സ്ഥിതിയാണ്. സ്റ്റേഷൻ ഓഫീസർ, അസി.സ്റ്റേഷൻ ഓഫീസർ, 4 എസ്.എഫ്.ആർ.ഒ, 15 എഫ്.ആർ.ഒ, 6 ഡ്രൈവർമാർ, 7 ഹോംഗാർഡ് എന്നിവരാണ് കൊട്ടാരക്കര ഫയർ സ്റ്റേഷനിലുള്ളത്. രാവിലെ 8.45ന് ഡ്യൂട്ടി തുടങ്ങുന്നവർക്ക് അടുത്ത ദിവസം രാവിലെ 8.45ന് ആണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ കഴിയുക. ഇത്രയും ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും ഓഫീസ് ചുമതലകളും മറ്റും നിർവഹിക്കാനുമായി പുതിയകാലത്തും തട്ടിക്കൂട്ട് സംവിധാനങ്ങൾ മാത്രമാണുള്ളത്. ഫയർ സ്റ്റേഷൻ കോമ്പൗണ്ടിൽ അങ്കണവാടിയും ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഫയർ സ്റ്റേഷനിൽത്തന്നെ പരിമിതമായ സൗകര്യങ്ങളുള്ളപ്പോഴാണ് ഉള്ള കെട്ടിടങ്ങളിൽ മറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.

വേനൽക്കാലം തീ പടരുന്നു

വേനൽക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ ഫയർഫോഴ്സിന് തിരക്കേറിയിട്ടുണ്ട്. മിക്കയിടങ്ങളിലും കുറ്റിക്കാടിനും മറ്റും തീ പടരുമ്പോൾ അവിടേക്കെല്ലാം ഫയർഫോഴ്സ് സംഘം രക്ഷാദൗത്യമേറ്റെടുത്ത് പാഞ്ഞെത്തുകയാണ്. ജീപ്പടക്കം അഞ്ച് വാഹനങ്ങളാണുള്ളത്. ഊടുവഴികളിൽക്കൂടി രക്ഷാ പ്രവർത്തനങ്ങൾക്ക് പോകാൻ സംവിധാനമില്ല. അടിയന്തര ഘട്ടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ആംബുലൻസ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്കൂബാ ടീമില്ല. നിലവിൽ കൊല്ലത്ത് നിന്നാണ് വരുത്തേണ്ടത്. വെള്ളത്തിന് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL