SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

ഇന്ന് വായനാ ദിനം ലോകത്തെവിടെയിരുന്നും വായിക്കാൻ ഓപ്പൺ യൂണി. ഡിജിറ്റൽ ലൈബ്രറി

കൊച്ചി​ൻ യൂണി​വേഴ്സി​റ്റി​യുമായി​ സഹകരി​ച്ചുള്ള പദ്ധതി​

കൊല്ലം: സാധാരണക്കാർക്ക് ഉൾപ്പെടെ ലോകത്തെവിടെയിരുന്നും ഗുരുദേവ കൃതികൾ അടക്കമുള്ളവ വായിക്കാൻ കഴിയുന്ന അത്യാധുനിക പബ്ളിക് ഡിജിറ്റൽ ലൈബ്രറി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ലൈബ്രറി പ്രാവർത്തികമാക്കുക. സോഫ്ട് വെയറും ഡിജിറ്റലൈസേഷനും കൊച്ചിൻ യൂണിവേഴ്സിറ്റിയാണ് തയ്യാറാക്കുന്നത്.

ഏതൊരു സാധാരണക്കാരനും പ്രാപ്യമാകുന്ന വിധത്തിലാണ് ഡിജിറ്റൽ ലൈബ്രറി വിഭാവനം ചെയ്തിട്ടുള്ളത്. സർവകലാശാല ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് മാറി, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഏത് സമയത്തും പ്രവേശിക്കാവുന്ന രീതിയിലാണ് ലൈബ്രറി പ്രവർത്തിക്കുക. 'സോഫ്ട് വെയർ ആസ് എ സ‌ർവീസ്' മാതൃകയിലാണ് 24 മണിക്കൂറുമുള്ള പ്രവർത്തനങ്ങൾ.

അന്താരാഷ്ട്ര ജേണലുകൾ വരെ

ശ്രീനാരായണ ഗുരുദേവന്റെ ദാർശനിക കൃതികളും അപൂർവങ്ങളായ ചരിത്ര രേഖകളും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ജേണലുകൾ, ലക്ചർ നോട്ടുകൾ, തീസീസുകൾ എന്നിവയും ഈ ലൈബ്രറിയിൽ ലഭ്യമാകും. പൊതു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന യുവതലമുറയ്ക്ക് ആവശ്യമായ പഠന സാമഗ്രികൾ ഇത്തരമൊരു പബ്ളിക് ലൈബ്രറിയിൽ ഉൾപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും വിജ്ഞാന വിഭവങ്ങൾ തടസമില്ലാതെ ലഭ്യമാകും.

ലൈബ്രറി കൗൺസിലുമായി സഹകരിക്കും

സംസ്ഥാന ലൈബ്രറി കൗൺസിലുമായി സഹകരിച്ച് എ പ്ളസ് ലൈബ്രറികളെക്കൂടി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പഠിതാക്കൾക്ക് അതത് പ്രദേശത്തെ എ പ്ളസ് ലൈബ്രറികളിലൂടെ പുസ്തകങ്ങൾ ലഭ്യമാക്കുക, വായനയ്ക്കുള്ള സൗകര്യമാെരുക്കുക എന്നിവയാണ് ലക്ഷ്യം.

കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി ദീർഘകാല കരാറാണ് വയ്ക്കുന്നത്. ഓപ്പൺ യൂണിവേഴ്സിയുടെ പബ്ളിക് ഡിജിറ്റൽ ലൈബ്രറി ലോകത്തെവിടെയുമുള്ളവർക്ക് പ്രയോജനപ്പെടും

പ്രൊഫ.ഡോ.വി.പി.ജഗതീരാജ്, വൈസ് ചാൻസലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL