
കൊല്ലം: സാധാരണക്കാരന്റെ അടുക്കള ബഡ്‌ജറ്റ് താളംതെറ്റിച്ച് മുട്ടവിലയും കുതിക്കുന്നു. പ്രഭാതഭക്ഷണത്തിൽ ഉൾപ്പടെ ഒഴിച്ചുകൂടാനാവാത്ത മുട്ടയുടെ മൊത്തവ്യാപാര വിലയിലുണ്ടായ വർദ്ധനവ് ചില്ലറ വിപണിയിലെത്തിയപ്പോൾ സാധാരണക്കാരന് താങ്ങാനാകുന്നില്ല.
താറാവ് മുട്ടയ്ക്കാണ് റെക്കാർഡ് വില വർദ്ധന. കഴിഞ്ഞ ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് താറാവ് മുട്ടയുടെ മൊത്ത വില 15 രൂപയാണ്. എന്നാൽ ചെറുകിട കച്ചവടക്കാർ 16 രൂപയ്ക്കാണ് വിൽക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാരാകട്ടെ ഒന്നര രൂപയോളം അധികം ഈടാക്കി 16.50 രൂപയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 13 രൂപയായിരുന്ന താറാവ് മുട്ടയ്ക്കാണ് ഈ വൻ വിലക്കയറ്റം.
നാടൻ കോഴിമുട്ടയുടെയും വെള്ളക്കോഴി (ബ്രോയിലർ) മുട്ടയുടെയും റീട്ടെയിൽ വിലയിലും സമാനമായ വർദ്ധനവുണ്ട്. മൊത്ത വിലയേക്കാൾ 50 പൈസയോളം കൂട്ടിയാണ് ചില്ലറ വിപണിയിൽ വിറ്റഴിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നാടൻ കോഴിമുട്ടയുടെ മൊത്ത വില 8.50 രൂപയായിരുന്നെങ്കിൽ സാധാരണക്കാരിലേയ്ക്ക് എത്തുമ്പോൾ 9 രൂപയാകും.
തമിഴ്നാട്ടിൽ ഉത്പാദനം കുറഞ്ഞു
കടുത്ത ചൂടിൽ നാമക്കലിലെ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് മുട്ട ഉത്പാദനത്തെ ബാധിച്ചു
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കയറ്റുമതി തടസപ്പെട്ടപ്പോൾ കർഷകർ കോഴികളെ വിറ്റഴിച്ചതും മുട്ടലഭ്യത കുറച്ചു
സോയാബീൻ, ചോളം എന്നിവയുടെ വില ഉയർന്നതോടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 വരെയായി വില
തമിഴ്‌നാട്ടിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ആഴ്ചയിൽ അഞ്ച് ദിവസവും വലിയ തോതിൽ മുട്ട സംഭരിക്കുന്നത് കേരളത്തിലേക്കുള്ള വരവ് കുറച്ചു
ട്രോളിംഗ് നിരോധനം കാരണം മീൻ ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാരേറി
കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ആഴ്ചയിൽ 75 ലക്ഷത്തോളം മുട്ടകൾ വേണ്ടിവന്നതും ഡിമാൻഡ് കൂട്ടി
ചില്ലറ വില
താറാവ് മുട്ട ₹16.50
കോഴി മുട്ട ₹ 9
പ്രോട്ടീൻ ബഡ്‌ജറ്റും തെറ്റി
ജിം ട്രെൻഡ് വ്യാപകമായതോടെ മുട്ട വിൽപ്പനക്കാരുടെ പ്രധാന ഉപഭോക്താക്കൾ യുവാക്കളായിരുന്നു. കുറഞ്ഞ ചെലവിൽ പ്രോട്ടീൻ അടങ്ങിയ മികച്ച ഭക്ഷണം എന്ന നിലയിലാണ് ജിം ഫ്രീക്കന്മാർ മുട്ടയെ ആശ്രയിച്ചിരുന്നത്. എന്നാൽ വിലക്കയറ്റം ഇവരുടെ മാസ ബഡ്‌ജറ്റിനെ പാടെ താളം തെറ്റിച്ചു.
സ്ഥിരമായി മുട്ട വാങ്ങിയിരുന്ന ഫിറ്റ്നസ് പ്രേമികൾ ഇപ്പോൾ വിപണിയിൽ നിന്ന് പതുക്കെ അകലുകയാണ്.
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |