കൊല്ലം: വീട്ടമ്മയും മകളും ചേർന്ന് സ്വകാര്യ സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ ആക്രമിച്ചു. കൊല്ലം ശങ്കേഴ്സിന് സമീപുള്ള പാഴ്സൽ സെന്ററിലെ ജീവനക്കാരിയായ വെളിയം വിഷ്ണു ഭവനിൽ അഞ്ജുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പുന്തലത്താഴം സ്വദേശിയായ വീട്ടമ്മയ്ക്കും മകൾക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. വീട്ടമ്മയും മകളും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്ന് അഞ്ജുവിനെ മർദ്ദിച്ച ശേഷം പുറത്തേക്ക് വലിച്ചിറക്കാൻ ശ്രമിച്ചു. രണ്ടുപേരും ചേർന്ന് അഞ്ജുവിന്റെ മുഖത്ത് വീണ്ടും മർദ്ദിച്ച ശേഷം വസത്രം വലിച്ചുകീറി. മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ച ശേഷം അസഭ്യവർഷവും നടത്തി. ബഹളം കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരനാണ് അഞ്ജുവിനെ രക്ഷപ്പെടുത്തിയത്. വീട്ടമ്മയുടെ രണ്ട് മക്കളും ഭർത്താവും പുറത്തുണ്ടായിരുന്നു.
വീട്ടമ്മയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ അഞ്ജു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പാഴ്സലുകൾ വിതരണം ചെയ്തിരുന്നു. സ്ഥാപനം സ്വന്തമായി വാഹനം എടുത്തതോടെ ഓട്ടോയിലുള്ള പാഴ്സൽ വിതരണം നിറുത്തി. അഞ്ജു ഇടപെട്ടാണ് ഓട്ടോറിക്ഷയിലുള്ള പാഴ്സൽ വിതരണം നിറുത്തിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അതിക്രമിച്ച് കടന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും അസഭ്യവർഷം നടത്തിയതിനും വീട്ടമ്മയ്ക്കും മകൾക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |