SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

വൈകല്യത്തെ സുല്ലിടീച്ച് പിള്ളവക്കീൽ

photo

കൊല്ലം: കോടതി മുറിയിലേക്ക് അഡ്വ. കെ.ശിവശങ്കരപിള്ള (67) പ്രവേശിക്കുമ്പോൾ സഹപ്രവർത്തകർക്കും കക്ഷികൾക്കും വല്ലാത്തൊരു ബഹുമാനമാണ്. ശാരീരിക പരിമിതികളെ അവഗണിച്ച് വക്കീൽ കുപ്പായത്തിലെ ആ വരവിന് പതിമൂന്ന് ആണ്ടിന്റെ തിളക്കമുണ്ട്. ജഡ്ജിക്ക് മുന്നിലെത്തി വാദം തുടങ്ങിയാൽ പിന്നെ കളി മാറും!.

അനുഭവത്തിന്റെ കനലും വാക്‌സാമർത്ഥ്യത്തിന്റെ മൂർച്ചയുമായി കത്തിക്കയറുമ്പോൾ എതിർഭാഗം പതറും. പതിനേഴാം വയസിൽ മനസിൽ മൊട്ടിട്ട വക്കീലാകണമെന്ന ആഗ്രഹം, 55ാം വയസിൽ സാക്ഷാത്കരിച്ച് തുടങ്ങിയ യാത്ര, പരിമിതികളുടെ വെല്ലുവിളി നേരിടുന്നവർക്ക് പകരുന്ന ആത്മവിശ്വാസത്തിന്റെ ആഴം ചെറുതല്ല.

ചടയമംഗലം ഇടയ്ക്കോട് നന്ദനത്തിൽ പരേതരായ ശങ്കരനാരായണന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായ ശിവശങ്കര പിള്ളയ്ക്ക് ജന്മനാ കാലുകൾക്ക് വളർച്ചക്കുറവുണ്ടായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായിരുന്നു. ബി.എ ഇക്കണോമിക്സിന് ശേഷം എൽ.എൽ.ബിക്ക് ചേർന്നെങ്കിലും പരീക്ഷ പൂർത്തിയാകും മുമ്പേ 1984ൽ എൽ.ഡി ക്ളാർക്കായി സർക്കാർ സർവീസിൽ പ്രവേശിച്ചു.

കോടതിയിലാണ് നിയമനം ലഭിച്ചതെന്നത് കൂടുതൽ സന്തോഷമേകി. സർവീസിലിരിക്കെ 1988ൽ നിയമ ബിരുദം നേടി. വിവിധ കോടതികളിൽ ജോലി ചെയ്ത ശേഷം പുനലൂർ മൂന്നാം കോടതിയിൽ സൂപ്രണ്ടായിരിക്കെ 2013ൽ സർവീസിൽ നിന്ന് വിരമിച്ചു. തൊട്ടടുത്ത മാസം വക്കീൽ കോട്ടണിഞ്ഞ് പിള്ള കൊട്ടാരക്കര കോടതിയിൽ പ്രാക്ടീസിനെത്തി.

വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഭാര്യ പ്രഭാവതിയും മകൻ വിഷ്ണു ശങ്കറും സുഹൃത്തുക്കളുമൊക്കെ പ്രോത്സാഹനം നൽകിയതോടെ പിള്ള വക്കീൽ വേഷവും ആഘോഷമാക്കി.

കനലെരിച്ച രാജൻ കേസ്

1977ൽ അടിയന്തരാവസ്ഥ കാലത്ത് നിലമേൽ എൻ.എസ്.എസ് കോളേജിൽ പഠിക്കുമ്പോഴാണ് ശിവശങ്കരപിള്ളയുടെ മനസിൽ നിയമ വഴിയോടുള്ള പ്രണയം മൊട്ടിടുന്നത്. രാജൻ കേസും മകനുവേണ്ടി ഈച്ചര വാരിയർ നടത്തിയ ഹേബിയസ് കോർപ്പസ് പോരാട്ടവും കാമ്പസിനെ ഇളക്കിമറിച്ചപ്പോൾ മുതൽ പോരാടാൻ മനസുറപ്പിച്ചു. പതിറ്റാണ്ടുകളോളം ജീവനക്കാരനായിരുന്നിടത്തേയ്ക്ക് വക്കീലായി തിരിച്ചെത്തിയപ്പോൾ സീനിയർ അഭിഭാഷകരുൾപ്പടെ വലിയ ആദരവോടെയാണ് പിള്ളയെ സ്വീകരിച്ചത്. എല്ലാ കേസുകളും കൈകാര്യം ചെയ്യുമെങ്കിലും സിവിൽ കേസുകളാണ് കൂടുതൽ നോക്കുന്നത്. പെൻഷൻ സംഘടനയുടെ മണ്ഡലം പ്രസിഡന്റായ പിള്ള പൊതുപ്രവർത്തന രംഗത്തും സജീവമാണ്.

എംപ്ളോയ്മെന്റ് ഓഫീസറായി ജോലി കിട്ടിയതാണ്, പോയില്ല. കോടതിയോടും വക്കീൽ വേഷത്തോടും അത്രത്തോളം ഇഷ്ടമുണ്ടായിരുന്നു. അതിന്റെ തിളക്കം കൂടിവരുന്നതേയുള്ളു.

കെ.ശിവശങ്കരപിള്ള

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL