
കൊല്ലം: ലോകത്തിന്റെ സൗന്ദര്യവും സങ്കടങ്ങളും ഒരു സിനിമ പോലെ മലയാളികൾക്ക് മുന്നിൽ നിരന്തരം അവതരിപ്പിച്ച സഞ്ചാര സാഹിത്യകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എ.ക്യു.മഹ്ദി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ദൃശ്യഭംഗി ഉണ്ടായിരുന്നു. കടലിനും പർവതങ്ങൾക്കുമപ്പുറമുള്ള പല രാജ്യങ്ങളും നേരിൽ കണ്ട അനുഭൂതി സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങൾ.
കേവലം കാഴ്ചകളുടെ വർണനകളായിരുന്നില്ല എ.കെ.മഹ്ദി എഴുതിയിരുന്നത്. ഓരോ രാജ്യത്തെ വർത്തമാനകാല ജീവിതത്തിനപ്പുറം സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കും അപൂർവമായ ആചാരങ്ങളിലേക്കും നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങൾക്ക് നോവലിന്റെ സൗന്ദര്യമുണ്ടായിരുന്നു. കൗമാരകാലം മുതൽ സഞ്ചാര പ്രിയനായിരുന്നു മഹ്ദി. കോളേജ് പഠനകാലത്ത് ബുള്ളറ്റിലായിരുന്നു സഞ്ചാരം. നടൻ മമ്മൂട്ടി മഹ്ദിയുടെ ബന്ധുവാണ്. രൂപമാറ്റം വരുത്തിയ മഹ്ദിയുടെ ബുള്ളറ്റ് കണ്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി അതിൽ കറങ്ങാനായി വിദ്യാർത്ഥികാലത്ത് മഹ്ദിയുടെ വീട്ടിൽ വരുമായിരുന്നു.
കൊല്ലത്തിന്റെ സംഗീതം
ഹൃദയം കുളിർപ്പിക്കുന്ന സംഗീതം കൊല്ലത്തുകാരുടെ കാതുകൾക്ക് സമ്മാനിച്ചത് എ.ക്യു.മഹ്ദിയാണ്. ചിന്നക്കടയിൽ നടത്തിയിരുന്ന ഹൗസ് ഒഫ് മ്യൂസിക് ആയിരുന്നു കൊല്ലത്തെ ആദ്യ കാസറ്റ് കട. പുതിയ മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പാട്ടുകളുടെ കാസറ്റിനായി കൊല്ലത്തുകാർ ഹൗസ് ഒഫ് മ്യൂസിക്കിന് മുന്നിൽ ക്യൂ നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഗ്രാമഫോൺ, ടേപ്പ് റെക്കാർഡറിന് വഴിമാറിയപ്പോൾ എ.ക്യു.മഹ്ദി അയ്യായിരത്തോളം പാട്ടുകൾ കാസറ്റിലേക്ക് മാറ്റിയിരുന്നു. കാലം മാറിയപ്പോൾ അധികമാരുടെയും കൈവശമില്ലാതിരുന്ന നൂറുകണക്കിന് പഴയ ഗാനങ്ങൾ സി.ഡിയിലും പെൻ ഡ്രൈവിലുമാക്കി മലയാളികൾക്ക് സമ്മാനിച്ചിരുന്നു. കാഴ്ചകൾ എഴുതിയിരുന്ന എ.ക്യു.മഹ്ദി സിനിമഗാനങ്ങളുടെ നിരൂപകൻ കൂടിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |