SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

കാടിറങ്ങി മൃഗങ്ങൾ; കൈയിൽ ജീവനുമായി മലയോരം

pothu
കുളത്തൂപ്പുഴയിൽ നാട്ടിലിറങ്ങിയ കാട്ടുപോത്തുകളിലൊന്ന്

കൊല്ലം: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യജീവികൾ കാടിറങ്ങിയതോടെ ജീവനും കൈയിൽപ്പിടിച്ച് മലയോരവാസികൾ. പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ മേഖലകളിലാണ് വന്യജീവി ശല്യം ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നത്.

ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചൽ കളംകുന്ന് ഫോറസ്റ്റ് റേഞ്ച് പരിധിയിലെ കായിക്കര കുന്നുംപുറം ബീമാ മൻസിൽ കെ.എം.ബഷീർ (68). ബഷീറിന്റെ വീട്ടിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെ അഞ്ചൽ കളംകുന്ന് ഫോറസ്റ്റ് റേഞ്ച് പരിധിയിലെ അയ്യൻപിള്ള വളവിന് സമീപത്തുവച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ബഷീർ തത്ക്ഷണം മരിച്ചു.ഈ സംഭവത്തോടെ മലയോരവാസികൾ പൂർണമായും ഭയപ്പാടിലായിരിക്കുകയാണ്. ആന, പുലി, പന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണമാണ് അവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കറവൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലി കർഷകന്റെ ആടിനെ കടിച്ചുകൊണ്ടുപോയി. പുലിയിറങ്ങുന്നത് പതിവായതോടെ വളർത്തുമൃഗങ്ങളെ പുറത്തിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾ കൂട്ടത്തോടെയെത്തി ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിപ്പിക്കുന്നത്.​ പുനലൂർ, പത്തനാപുരം ഭാഗങ്ങളിൽ കാട്ടാനക്കൂട്ടങ്ങളുടെയും പുലിയുടെയും സാന്നിദ്ധ്യം ജനങ്ങളെ ഭീതിപ്പെടുത്തുന്നുണ്ട്.

ഫെൻസിംഗ് ഫലപ്രദമല്ല;

ട്രെഞ്ച് നിർമ്മിക്കണം

 സോളാർ ഫെൻസിംഗ് വന്യജീവി ശല്യത്തിന് പരിഹാരമാകുന്നില്ല

 ആനകൾ മരം ഒടിച്ചിട്ടും കാട്ടുപോത്തുകൾ മുള്ളുവേലി തകർത്തും ഫെൻസിംഗ് നശിപ്പിക്കുന്നു

 ട്രെഞ്ചുകൾ (കുഴികൾ) നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 വനംവകുപ്പിനും അധികാരികൾക്കും പരാതി നൽകിയിട്ടും നടപടിയില്ല

ആർ.ആർ.ടി സംവിധാനമില്ല

കുളത്തൂപ്പുഴ ഭാഗത്ത് കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും ശല്യം രൂക്ഷമാണ്. ഏക്കർ കണക്കിന് വിളവാണ് പന്നിക്കൂട്ടം കിളച്ചുമറിച്ച് നശിപ്പിക്കുന്നത്. കാട്ടുപോത്തുകൾ റോഡുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് യാത്രക്കാർക്കും ഭീഷണിയാണ്. കുളത്തൂപ്പുഴയിൽ ഇതുവരെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) ഓഫീസ് സ്ഥാപിച്ചിട്ടില്ല. വന്യജീവികൾ ഇറങ്ങുമ്പോൾ അടിയന്തരമായി ഇടപെടാൻ സംവിധാനമില്ലാത്തതിനാൽ ഏരൂർ, തെന്മല പഞ്ചായത്തുകളിൽ നിന്നാണ് ആർ.ആർ.ടി സംഘം എത്തുന്നത്.

ഏറ്റവും കൂടുതൽ വനമേഖലയുള്ള കുളത്തൂപ്പുഴയിൽ അടിയന്തരമായി ആർ.ആർ.ടി യൂണിറ്റ് സ്ഥാപിക്കണം. ഈ ആവശ്യം ഉന്നയിച്ച് സി.സി.എഫിനും ഡി.എഫ്.ഒയ്ക്കും അടുത്തിടെയും പരാതി നൽകിയിരുന്നു.

സാബു എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുളത്തൂപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL