കൊല്ലം: ഗൃഹനാഥനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് 11 വർഷം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഇരവിപുരം ആദിച്ചമൺ തോപ്പ് ഫിഷർമെൻ കോളനിയിൽ രാജു ഭവനത്തിൽ രാജുവിനെ (46) കൊലപ്പെടുത്തിയ കേസിൽ ഇരവിപുരം താന്നി സ്വദേശികളായ സുനിൽ, ബിപിൻ, ജയ്സൺ, റെനിൽ, അനിൽ, റോൺസിലിൻ എന്നിവരെയാണ് കൊല്ലം ഫോർത്ത് അഡിഷണൽ സെഷൻസ് ജഡ്ജ് സി.എം.സീമ ശിക്ഷിച്ചത്.
2021 സെപ്തംബർ 19ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. മരിച്ച രാജുവിന്റെ ബന്ധുവായ സുനിലിന് ഗൾഫിലെ ജോലി നഷ്ടമായ സമയം മത്സ്യത്തൊഴിലാളിയായ രാജു തന്റെ മീൻ വിൽക്കുന്ന പ്ലാസ്റ്റിക് പെട്ടി കച്ചവടത്തിനായി നൽകിയിരുന്നു. പിന്നീട് ആ പെട്ടി തിരികെ ചോദിച്ചെങ്കിലും സുനിൽ നൽകിയില്ല. ഇതോച്ചൊല്ലി രാജുവും സുനിലും തമ്മിൽ തർക്കമുണ്ടായി.
രാജുവിനെ കൊലപ്പെടുത്തിയതിന്റെ തലേദിവസം പ്രതികൾ രാജുവിനെ ആക്രമിക്കുകയും സ്കൂട്ടർ തള്ളി നിലത്തിടുകയും ചെയ്തിരുന്നു. സംഭവ ദിവസം പ്രതികൾ രാജുവിന്റെ വീട്ടിലെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ പെൺമക്കളെയും ഭാര്യയെയും ഉപദ്രവിച്ചു.
ആക്രമണത്തിൽ ചെറുകുടലിന് സാരമായി മുറിവേറ്റ രാജു ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലിരിക്കെ മരിച്ചു. ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ ആയിരുന്ന വി.വി.അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.നിയാസ് ഹാജരായി. എസ്.ഐ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |