എഴുകോൺ: കനത്ത മഴയിൽ നെടുമൺകാവ്, പവിത്രേശ്വരം തുടർന്ന മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നെടുമൺകാവ് ആറ്റിൽ വെള്ളം ഉയർന്നത് പരിസരവാസികളിൽ ഭീതി സൃഷ്ടിച്ചു.
ആറ്റിൽ ശാസ്താംകടവ് പാലം നിർമ്മിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച താത്കാലിക നടപ്പാലം വെള്ളത്തിൽ മുങ്ങി. ഈ പാലം ഉപയോഗിക്കേണ്ട കാൽനട യാത്രക്കാർക്ക് അറക്കടവ് പാലം വഴി മാറി സഞ്ചരിക്കേണ്ടി വന്നു. ഈയല്ലൂർ തോടും കരകവിഞ്ഞു. ഇവിടെ കൃഷിയിടങ്ങൾ വെള്ളത്തിലായി. പുളവോട് ആറ്റുവാരത്ത് പുത്തൻ വീട്ടിൽ എസ്. നവാസിന്റെയും പി.സി ഹൗസിൽ ഇ.കെ. നിസാറിന്റെയും വീട്ടുവളപ്പിലെ മതിൽ ഇടിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ രാത്രിയിൽ ശക്തി പ്രാപിച്ചിരുന്നു. നെടുവത്തൂർ കിള്ളൂർ ഗാന്ധിനഗർ അഴകുന്നിൽ വീട്ടിൽ കെ. ബാബുവിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. കല്ലടയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പവിത്രേശ്വരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇവിടെയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച കാറ്റും നാശം വിതച്ചു. പലേടത്തും ചുഴലിക്കാറ്റിന്റെ പ്രതീതിയായിരുന്നു. ധാരാളം മരങ്ങൾ വിവിധയിടങ്ങളിൽ കടപുഴകി. വൈദ്യുത തൂണുകൾ തകർന്നു. വെളളിയാഴ്ച രാത്രി 11 ഓടെ 11 കെ.വി ലൈനിൽ തകരാറുണ്ടായി. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മരങ്ങളും മറ്റും മുറിച്ചുമാറ്റി പ്രധാന ലൈനിലെ തടസം നീക്കിയത്. ഉൾപ്രദേശങ്ങളിൽ ശനിയാഴ്ച വൈകിട്ടും വൈദ്യുതി തടസം തുടരുകയാണ്. ഇടയ്ക്കിടം കല്ലാറിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ വൈദ്യുതി മുടക്കം ശനിയാഴ്ച വൈകിട്ടോടെയാണ് പരിഹരിച്ചത്. എഴുകോൺ പൊലീസ് സ്റ്റേഷന് സമീപം തേക്കുമരത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞു വീണു. റോഡരികിൽ പൊലീസ് പിടിച്ചിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് പതിക്കാതിരുന്നത് വലിയ നാശം ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |