ശക്തികുളങ്ങര, നീണ്ടകര ഹാബറുകളിൽ നിരാശയുടെ ആദ്യദിനം
കൊല്ലം: ചരിത്രത്തിൽ ആദ്യമായി, ട്രോളിംഗ് നിരോധനം അവസാനിച്ചതിന് ശേഷമുള്ള ആദ്യ ദിനം ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ നിരാശത്തിരയിളക്കം. വെള്ളിയാഴ്ച അർദ്ധരാത്രി ട്രോളിംഗ് നിരോധനം അവസാനിച്ചപ്പോൾ കടലിലേക്ക് പോയ ബോട്ടുകൾ പലതും ശക്തമായ തിര കാരണം മടങ്ങിവരികയായിരുന്നു.
ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ച് 750 ഓളം ബോട്ടുകളുണ്ട്. അതിൽ നൂറോളം മാത്രമാണ് ഇന്നലെ കടലിലേക്ക് പോയത്. ഇവയിൽ പകുതിയും കടൽ പ്രക്ഷുബ്ദ്ധമായതിനാൽ മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഹാർബറിൽ മടങ്ങിയെത്തി. 23 എണ്ണം വാടി ഹാർബറിലും അഭയം തേടി. പോകുന്ന ദിവസം തന്നെ മടങ്ങിയെത്തുന്ന ചെറിയ ബോട്ടുകളാണ് തിരയെ ഭയന്ന് തിരിച്ചെത്തിയത്. ഒരാഴ്ച വരെ തങ്ങി മത്സ്യബന്ധനം നടത്തുന്ന ചുരുക്കം ബോട്ടുകൾ കടലിലുണ്ട്. ഇന്നലെയും കാര്യമായി ബോട്ടുകൾ പോയില്ല. ഇന്ന് കടൽ ശാന്തമായാൽ പോകാമെന്ന കണക്കുകൂട്ടലിലാണ് ബോട്ടുടമകളും തൊഴിലാളികളും. തിര കാരണം ചില ബോട്ടുകൾക്ക് തകരാറുമുണ്ടായി.
ബോട്ടുകൾ കടലിൽ പോയിക്കാണുമെന്ന പ്രതീക്ഷയിൽ മത്സ്യക്കച്ചവടക്കാരും അയൽ സംസ്ഥാനങ്ങളിലെ സംസ്കരണ യൂണിറ്റുകളുടെ വാനുകളും മത്സ്യം വാങ്ങാനായി ശക്തികുളങ്ങര ഹാർബറിലെത്തിയിരുന്നു. അവരെല്ലാം നിരാശരായി മടങ്ങി. സാധാരണ എല്ലാവർഷവും ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള ആദ്യദിവസം ശക്തികുളങ്ങരയിൽ വാശിയേറിയ ലേലവും ആരവങ്ങളും ഉണ്ടാകുന്നതാണ്.
ജാഗ്രതാ നിർദ്ദേശം
ജില്ലാ ഭരണകൂടം ഇന്നലെ മത്സ്യത്തൊഴിലാളി നേതാക്കളുടെയും ബോട്ടുടമ പ്രതിനിധികളുടെയും യോഗം വിളിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. ലൈഫ് ജാക്കറ്റ് നിർബന്ധമാക്കുന്നതിന് പുറമേ വി.എച്ച്.എഫ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |