SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

ഇന്നും മഞ്ഞ അലർട്ട്: തീരാപ്പെയ്‌ത്തിൽ നിലയറ്റ് ജില്ലയും

dam

കൊല്ലം: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മനസിൽ ഭീതി ഉയർത്തി ജില്ലയിൽ ഇന്നും മഞ്ഞ അലർട്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലേത് പോലെ പ്രളയമില്ലെങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും ശക്തമായ മഴ തുടരുന്നത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു.

മഴ ആരംഭിച്ച ശേഷം എല്ലാ ദിവസവും ജില്ലയിൽ വീടുകൾ തകരുന്നുണ്ട്. ഇനിയും മഴ നീണ്ടുനിന്നാൽ മഴയിൽ കുതിർന്ന് കൂടുതൽ വീടുകൾ തകരാൻ സാദ്ധ്യതയുണ്ട്. നിർമ്മാണ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനും കഴിഞ്ഞ അഞ്ച് ദിവസമായി ജോലിയില്ല. വഴിയൊര കച്ചവടക്കാരുടെ കീശയും കാലിയാണ്. വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിന് പുറമേയാണ് കൃഷിനാശം. ഓണവിപണി ലക്ഷ്യമിട്ടുള്ള നാടൻ പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.

തെന്മല ഡാമിൽ മണിക്കൂറിൽ

രണ്ട് സെന്റി മീറ്റർ വീതം

 കഴിഞ്ഞമാസം പകുതി മുതൽ ജലനിരപ്പ് താഴ്ന്നിരുന്ന തെന്മല ഡാമിൽ ഇപ്പോൾ മണിക്കൂറിൽ രണ്ട് സെന്റി മീറ്റർ വരെ ജലനിരപ്പ് ഉയരുന്നു

 രണ്ട് ദിവസം കൂടി ശക്തമായ മഴ തുടർന്നാൽ ഡാം തുറക്കേണ്ടി വരും

 ഇതോടെ കല്ലടയാറ്റിലേക്ക് ജലമൊഴുകി തീരങ്ങളിലുള്ള വീടുകളിൽ വെള്ളം കയറും

 കുളത്തൂപ്പുഴയാറ്, കഴുതുരുട്ടിയാറ്, ശെന്തുരുണിയാറ് എന്നിവിടങ്ങിൽ നിന്നാണ് തെന്മല ഡാമിലേക്ക് ജലമെത്തുന്നത്

 ആര്യങ്കാവ് വനത്തിലും പൊന്മുടിമല മടക്കുകളിലും മഴ ശക്തമായാൽ മൂന്ന് ആറുകളിലെയും ജലത്തിന്റെ ഒഴുക്ക് വർദ്ധിക്കും

 കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ വനത്തിൽ ശക്തമായ മഴ പെയ്തതോടെ 24 മണിക്കൂറിനുള്ളിൽ രണ്ട് മീറ്റർ ജലനിരപ്പ് ഉയർന്നിരുന്നു

സംഭരണശേഷി

115.82 മീറ്റർ

ഷട്ടർ തുറക്കൽ

106.79 മീറ്റർ പിന്നിട്ടാൽ

ഇന്നലത്തെ ജലനിരപ്പ്

103.75 മീറ്റർ

പട്ടിണിയിലും പോരാടി

കൊല്ലത്തെ സൈനികർ

ശക്തമായ മഴയും കടൽ ക്ഷോഭവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗം വള്ളങ്ങളും കഴിഞ്ഞ നാല് ദിവസമായി കടലിൽ പോയിട്ടില്ല. ഇതിനിടയിൽ കടലിൽ പോയ വള്ളങ്ങളിൽ രണ്ടെണ്ണം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കാണാതായ ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ഈമാസം എട്ടുവരെ കടലിൽ പോകരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശമുണ്ട്. അതിനിടെ കൊല്ലത്തുനിന്ന് 40 അംഗ മത്സ്യത്തൊഴിലാളികളും 13 വള്ളങ്ങളും പത്തനംതിട്ടയിൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

ഇന്നലെ പെയ്ത മഴ

ആര്യങ്കാവ്- 0.9 മില്ലി മീറ്റർ
കൊല്ലം- 2 മില്ലി മീറ്റ‌ർ
പുനലൂർ- 20 മില്ലി മീറ്റർ

മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഭീതിയിലാണ്. തെന്മല ഡാം തുറക്കേണ്ടിവന്നാൽ കല്ലടയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണം.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL