കൊല്ലം: കർക്കടക വാവുബലി ദിനമായ ഇന്നലെ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ആയിരങ്ങൾ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി പുണ്യം നുകർന്നു. ബുധനാഴ്ച രാത്രി മുതൽ തന്നെ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ നേരം പുലർച്ചയോടെ ഇവിടങ്ങൾ പിതൃതർപ്പണ മന്ത്രങ്ങളാൽ മുഖരിതമായി. പല കേന്ദ്രങ്ങളും ജനസാഗരമായി മാറി.
മുണ്ടയ്ക്കൽ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടയ്ക്കൽ പാപനാശനത്ത് നടന്ന പിതൃതർപ്പണത്തിന് തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരനും മുപ്പതോളം ശാന്തിമാരും കാർമ്മികത്വം വഹിച്ചു. ഇവിടെ പതിനായിരങ്ങളെത്തി. തിരുമുല്ലവാരത്ത് എസ്.എൻ.ഡി.പി യോഗം തിരുമുല്ലവാരം ശാഖ, പിതൃതർപ്പണ സംരക്ഷണ ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം, മയ്യനാട് താന്നി സ്വർഗപുരം ക്ഷേത്രം, ഓയൂർ വെളിനെല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രം, പുത്തൂർ താഴം ആദിശമംഗലം ക്ഷേത്രം, കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം, നെട്ടയം ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രം,അണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, മേലില ക്ഷേത്രം, കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിന് സമീപമുള്ള കടവ് തുടങ്ങിയിടങ്ങളിൽ വാവുബലി തർപ്പണം നടന്നു.
തർപ്പണ ചടങ്ങുകൾ നടന്ന കടൽത്തീരങ്ങളിൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എർപ്പെടുത്തിയിരുന്നു. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രങ്ങളിൽ തിലഹോമം നടത്തിയ ശേഷമാണ് ഭക്തർ മടങ്ങിയത്. ഒട്ടുമിക്ക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തിയിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ഗതാഗത ക്രമീകരണവും പാർക്കിംഗ് സംവിധാനവും സജ്ജമാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം മെഡിക്കൽ, ഫയർ ഫോഴ്‌സ് സംഘങ്ങളുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |