
കൊല്ലം: നീണ്ടകരയിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ ഗൗതംകൃഷ്ണയെ കണ്ടെത്താനുള്ള തെരച്ചിലുകൾ കൂടുതൽ ഊർജിതമാക്കി കോസ്റ്റ് ഗാർഡ്. ആകാശമാർഗമുള്ള തെരച്ചിൽ ഏകോപിപ്പിക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്ടറുകളും ഇന്നലെ തെരച്ചിൽ പങ്കെടുത്തു.
കൊല്ലം അമൃതപുരി എൻജിനിയറിംഗ് കോളേജ് മൈതാനത്ത് ഒരുക്കിയ ഹെലിപാഡിൽ ഇറക്കി ഇന്ധനം നിറച്ചാണ് ഹെലികോപ്ടറുകൾ പറന്നത്. ഇതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഏവിയേഷൻ ഫ്യൂവൽ ടാങ്കറും അമൃതപുരിയിൽ എത്തിച്ചിരുന്നു. ഒരു തവണ ഇന്ധനം നിറച്ചാൽ മൂന്നര മണിക്കൂറോളം ഹെലികോപ്ടറിന് പറക്കാം. തെരച്ചിൽ ഊർജ്ജിതമാക്കാൻ യുദ്ധകാല അടിസ്ഥാനത്തിലാണ് അമൃതപുരി കോളേജ് മൈതാനത്ത് ഹെലിപാഡ് നിർമ്മിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10ന് ആരംഭിച്ച പ്രവൃത്തി ഞായറാഴ്ച രാവിലെ 10 ഓടെ പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറുകയായിരുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഒറ്റ രാത്രി കൊണ്ട് മഠം ഹെലിപാഡ് പൂർത്തിയാക്കിയത്.
ഗൗതം കൃഷ്ണയെ കണ്ടത്താനാവശ്യായ ഏത് നീക്കത്തിനും മാതാ അമൃതാനന്ദമയി മഠം പൂർണപിന്തുണ നൽകുമെന്ന് അമൃതപുരി ക്യാംപസ് ഡയറക്ടർ ബ്രഹ്മചാരി ദേവിദാസ് ചൈതന്യ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |