
പരവൂർ: ഓണനാളുകളിലേക്ക് കൈയകലം മാത്രം ശേഷിക്കവേ, പപ്പടവിപണിയിൽ ആശങ്കകളും ഒപ്പം ഏറെ പ്രതീക്ഷകളും. ഓണത്തോടൊപ്പം വിവാഹ സീസൺ കൂടി ആരംഭിക്കുന്നതാണ് നിർമ്മാതാക്കൾക്ക് സന്തോഷം പകരുന്നത്.
ഉഴുന്നുമാവ് അടക്കമുള്ള ചേരുവകൾ ചേർത്തുണ്ടാക്കുന്ന നാടൻ പപ്പടങ്ങൾക്കാണ് ഡിമാന്റ് കൂടുതൽ. ഉഴുന്നുപൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് നിർമ്മാണത്തിന് വേണ്ടുന്ന അസംസ്കൃത വസ്തുക്കൾ. മൂന്നുമാസത്തിനിടെ ഒരുചാക്ക് ഉഴുന്നുപൊടിക്ക് 1000 രൂപയുടെ വർദ്ധനവുണ്ടായി.
എങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള പപ്പടവും എത്തുന്നുണ്ട്. നാടൻ പപ്പട നിർമ്മാണത്തിന് ചെലവേറയാണ്. പപ്പടത്തിന് കാര്യമായി വില വർദ്ധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് കച്ചവടക്കാരുടെ പക്ഷം. കാലാവസ്ഥ പ്രതികൂലമായതാണ് മറ്റൊരു തടസം. വെയിലത്താണ് പപ്പടം ഉണങ്ങേണ്ടത്. വേണ്ടവിധം ഉണങ്ങിയില്ലെങ്കിൽ പെട്ടെന്ന് കേടാകും. ഉപ്പുലായനിയിൽ മുക്കിയെടുത്ത ചണച്ചാക്കിലാണ് ഉണക്കുന്നത്. ചാക്കിന് നനവ് കൂടിയാലും പപ്പടത്തിന്റെ രുചി മാറും.
ഉണക്കുന്നത് മുതൽ പായ്ക്കിംഗ് വരെ കൈകൊണ്ടാണ് ചെയ്യുന്നത്. ചേരുവകൾ കടുകിട തെറ്റിയാലും പപ്പടം പൊള്ളില്ല. കനം കൂടിയാൽ വാടിക്കിടക്കും. കനം കുറയാനും പാടില്ല. ഉഴുന്ന്, പപ്പടക്കാരം തുങ്ങിയവയുടെ ഗുണമേന്മ കുറഞ്ഞാലും സ്വഭാവം മാറും. 4.2 ഇഞ്ച്, നാലര ഇഞ്ച്, അഞ്ചര ഇഞ്ച് എന്നിങ്ങനെ വിവിധ വലിപ്പത്തിൽ പപ്പടം തയ്യാറാക്കുന്നുണ്ട്.
ചേരുവകൾക്ക് വില കൂടി
ഉഴുന്നുമാവ്, പപ്പടക്കാരം തുടങ്ങിയ ചേരുവകളുടെ വില വർദ്ധിച്ചു
ഇത് ഇടത്തരം നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കി
പപ്പട വില വർദ്ധിപ്പിക്കേണ്ട അവസ്ഥയാണെന്ന് നിർമ്മാതാക്കൾ
നിസാരമല്ല നിർമ്മാണം
മാവ് കുഴച്ച് ഉരുളയാക്കിയ ശേഷം റബർ ഷീറ്റ് പോലെ പരത്തും. പിന്നെ റോളറിലൂടെ കടത്തിവിട്ടാണ് പപ്പട നിർമ്മാണം. തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അരിമാവ് വിതറും. ഇതൊക്കെ പരമ്പരാഗതമായി കൈകൊണ്ടാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മാവ് കുഴയ്ക്കുന്നത് മുതൽ അരിമാവ് വിതറുന്നത് വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കിൽ നിരത്തി പാകത്തിന് ഉണക്കിയെടുക്കും.
ചില്ലറ വില കിലോയ്ക്ക്
₹ 200-250
പപ്പടം തയ്യാറാക്കാൻ നാടൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. നിർമാണച്ചെലവ്, മഴ എന്നിങ്ങനെയുള്ള പ്രതിസന്ധികളുണ്ടെങ്കിലും, ഏറെ പ്രതീക്ഷയിലാണ് പപ്പട നിർമ്മാണ യൂണിറ്റ് ഉടമകളും തൊഴിലാളികളും.
പ്രസാദ്, പരമ്പരാഗത പപ്പട നിർമ്മാതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |