
കൊല്ലം: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സജീവമായി ജില്ലയിലെ പൂവിപണി. ഇതോടെ വിപണിയിൽ പൂ വിലയിലും നേരിയ വ്യത്യാസങ്ങൾ വന്നുതുടങ്ങി. എന്നാൽ എല്ലാ തരത്തിലുമുള്ള പൂക്കൾ ഇതുവരെ പൂർണമായി എത്തിത്തുടങ്ങിയിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് വരും ദിവസങ്ങളിലെ പൂർണതോതിൽ എത്തുകയുള്ളു.
നിലവിൽ വിപണി വിലയിൽ വലിയ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പൂക്കളുടെ വരവ് പൂർണമാകുന്നതിനൊപ്പം തിരുവോണം അടുത്തുവരുന്നതോടെ പൂക്കളുടെ ആവശ്യകത ഉയരും. ഇതോടെ വിലയിലും ഉയർച്ചയുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
വിദ്യാലയങ്ങളിലും കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ നേരത്തെ ആരംഭിച്ചതോടെയാണ് ജില്ലയിലെ പൂവിപണി മുൻകൂട്ടി സജീവമായത്. ഓണം അടുക്കും മുമ്പേ പൂക്കൾക്ക് ആവശ്യക്കാർ ഏറിയത് വ്യാപാരികൾക്കും ആശ്വാസമായിട്ടുണ്ട്.
ജില്ലയിലെ പ്രധാന വിപണികളായ കൊല്ലം നഗരം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ചന്തകളിലേക്കുള്ള പൂക്കൾ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. മധുര, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂവ് പ്രധാനമായി കൊല്ലത്തെത്തുന്നത്. ഇതിന് പുറമെ തോവാള, തെങ്കാശി, ദിണ്ടിഗൽ, നിലക്കോട്ട, പഴനി തുടങ്ങിയ മാർക്കറ്റുകളിൽ നിന്ന് ബന്ദിപ്പൂവും മറ്റ് അലങ്കാര പൂക്കളും വൻതോതിൽ ജില്ലയിലേക്ക് എത്തുന്നുണ്ട്.
വിലനിലവാരം
മുല്ലപ്പൂ: കിലോയ്ക്ക് ₹1000-3000
ഒരുമുഴം ₹ 70-100
ചെണ്ടുമല്ലി (ബന്ദിപ്പൂ): കിലോയ്ക്ക് ₹150- 250
വാടാമല്ലി: കിലോയ്ക്ക് ₹250 - 320
റോസ് (നാടൻ): കിലോയ്ക്ക് ₹350-450
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |