കൊല്ലം: ലഹരിമാഫിയയെ അമർച്ച ചെയ്യാൻ എക്സൈസിൽ രൂപീകരിച്ച സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കുന്നത് തിരിച്ചടിയാവാൻ സാദ്ധ്യത. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള ജീവനക്കാർക്ക് ചുമതല കൊടുക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നിലവിൽ ജീവനക്കാർ കുറവുള്ള ഓഫീസുകളിൽ നിന്നും ചെക്ക് പോസ്റ്റുകളിൽ നിന്നുമാണ് പുതിയ വിഭാഗത്തിലേക്ക് ആളുകളെ മാറ്റുന്നത്. ഓപ്പറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിഭാഗങ്ങളാണ് പുതുതായി വരുന്നത്. നാർക്കോട്ടിക് ബ്യൂറോയിലേക്ക് പോകുന്ന സിവിൽ എക്സൈസ് ഓഫീസർമാരുടെ പേര് സിവിൽ നാർക്കോട്ടിക് ഓഫീസർ എന്ന് മാറും.
367 തസ്തികകൾ പുനർവിന്യസിച്ചും 22 തസ്തികകൾക്ക് അധികചുമതല നൽകിയുമാവും ബ്യൂറോ പ്രവർത്തിക്കുക. സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാനാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാത്തത്. ചെക്ക്പോസ്റ്റ്, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റുന്നത് നിലവിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ആശങ്ക. തിരുവനന്തപുരം ജില്ലയിലെ മൈനർ ചെക്ക്പോസ്റ്റുകളിലുള്ള ഇൻസ്പെക്ടർ തസ്തികകളും മാറ്റിയിട്ടുണ്ട്.
പുതിയ തസ്തികയില്ല, ജീവനക്കാരെ പുനർ വിന്യസിക്കും
പുതിയ ജീവനക്കാരെ നിയമിക്കാതെ ഉള്ളവരെ പനർവിന്യസിക്കും
കൊല്ലം ഉൾപ്പടെയുള്ള ജില്ലകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഉദ്യോഗസ്ഥരില്ലാതെ വലയുന്നു
ജില്ലാ ഓപ്പറേഷൻസ് യൂണിറ്റുകളിലേക്ക് 14 സർക്കിൾ ഇൻസ്പെക്ടർമാർ, 14 ഇൻസ്പെക്ടർമാർ, 44 പ്രിവന്റീവ് ഓഫീസർമാർ, 14 ഡ്രൈവർമാർ എന്നിവരെ നിലവിലെ സംവിധാനത്തിൽ നിന്നാണ് മാറ്റുന്നത്
സൈബർ ടീമും കടലാസിൽ
ഐ.ടി വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സൈബർ വോളണ്ടിയർ ടീമിനും പദ്ധതിയുണ്ട്. എന്നാൽ സൈബർ വിഭാഗത്തിലേക്കുള്ള ഇൻസ്പെക്ടർമാരെയും സാങ്കേതിക പരിജ്ഞാനമുള്ള സിവിൽ എക്സൈസ്, പ്രിവന്റീവ് ഓഫീസർമാരെയും നിലവിലെ ഓഫീസുകളിൽ നിന്നാണ് കണ്ടെത്തുന്നത്. പാലക്കടവ്, മാവിളക്കടവ് തുടങ്ങിയ മൈനർ ചെക്ക്പോസ്റ്റുകളിൽ നിന്നും ജീവനക്കാരെയാണ് മാറ്റി നിയമിക്കും. കമ്പ്യൂട്ടറും പ്രിന്ററും പോലുമില്ലാത്ത ഓഫീസുകളിലെ ജീവനക്കാരെ ഉപയോഗിച്ച് സൈബർ സംവിധാനം ഒരുക്കുന്നതിന്റെ പ്രായോഗികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |