പുതിയ കരാറുകൾക്ക് അനുമതിയില്ല
കൊല്ലം: ജില്ലയിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള 200 കോടിയോളം രൂപയുടെ 25 പദ്ധതികൾ പ്രതിസന്ധിയിൽ. പുതിയ കരാറുകൾക്ക് ദേശീയ ജൽ ജീവൻ മിഷന്റെ അനുമതിയില്ലാത്തത് വിഷയം. പ്ലാന്റുകളുടെ ശേഷി ഉയർത്താനുള്ള വികസന, നവീകരണ പദ്ധതികളാണ് കുഴപ്പത്തിലായത്.
ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധി 2028 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. എന്നാൽ പുതിയ കരാറുകൾ ഒപ്പിടരുതെന്ന് 2024 ആഗസ്റ്റിൽ ദേശീയ ജൽ ജീവൻ മിഷൻ ഇറക്കിയ ഉത്തരവ് ഇതുവരെ പുന.പരിശോധിച്ചിട്ടില്ല. അതിനാൽ 2024 ആഗസ്റ്റിന് മുമ്പ് ടെണ്ടർ ക്ഷണിച്ച പദ്ധതികളുടെ കരാർ പോലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതിയിലൂടെ നൽകിയ വലിയൊരു വിഭാഗം ഗാർഹിക കണക്ഷനുകൾക്കും ആവശ്യമായ ജലം നൽകാൻ ഇപ്പോൾ കഴിയുന്നില്ല. ആവശ്യത്തിന് ആനുപാതികമായി ജലലഭ്യതയില്ലാത്തതാണ് മറ്റൊരു പ്രശ്നം. പ്ലാന്റുകളുടെ ശേഷി ഉയർത്തിയാൽ വിതരണത്തിന്റെ അളവ് കുറച്ചുകൂടി വർദ്ധിപ്പിക്കാം. അതിനായി തയ്യാറാക്കിയ പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
അര ലക്ഷം പുതിയ
കണക്ഷനും കുഴിയിൽ!
ജൽ ജീവൻ മിഷൻ പദ്ധതി ആരംഭിക്കുമ്പോൾ ജില്ലയിലെ ഗ്രാമീണ മേഖലയിൽ 1.50 ലക്ഷം ഗാർഹിക കണക്ഷനുകൾ മാത്രമാണുണ്ടായിരുന്നത്. പദ്ധതിയിലൂടെ 3.10 ലക്ഷം കണക്ഷൻ നൽകി. ഇനി ഒരു ലക്ഷം കണക്ഷൻ കൂടി നൽകണം. അതിൽ 50,000 കണക്ഷൻ കൂടി നൽകാനുള്ള കരാറാണ് നിലവിലുള്ളത്. ബാക്കി കണക്ഷൻ നൽകാനുള്ള ടെണ്ടർ ക്ഷണിക്കണമെങ്കിൽ പുതിയ കരാർ പാടില്ലെന്ന ഉത്തരവ് പുന:പരിശോധിക്കണം. നേരത്തെ കരാർ തുക വൻ കുടിശ്ശികയായതോടെ കരാറുകാർ പ്രവൃത്തികൾ നിറുത്തിവച്ചിരുന്നു. നബാർഡ് വായ്പ ഉപയോഗിച്ച് കുടിശിക തീർത്തത്തോടെ നിലവിലുള്ള കരാറിലെ പ്രവൃത്തികൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ വിതരണത്തിന് ആവശ്യമായ ജലം ഇല്ലാത്തതിനാൽ പുതിയ കണക്ഷനുകൾ നൽകുന്നതിൽ വാട്ടർ അതോറിട്ടി മെല്ലെപ്പോക്കിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |