കഴിഞ്ഞ മൂന്നു വർഷം ലഭിച്ചു, ഇക്കുറിയില്ല
ചാത്തന്നൂർ: ഹരിതകർമ്മസേനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകിയിരുന്ന ഉത്സവബത്ത ഇക്കുറിയില്ലാത്തതിൽ പ്രതിഷേധം.
വിശേഷ ദിനങ്ങളിൽ ഹരിത കർമസേന അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ മൂന്ന് വർഷമായി ഉത്സവബത്ത നൽകുന്നുണ്ടായിരുന്നു. മറ്റു മേഖലകളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ ഹരിതകർമ സേനയെ അവഗണിച്ചെന്നാണ് പ്രധാന പരാതി. ആദ്യ രണ്ട് വർഷങ്ങളിൽ 1000 രൂപയും കഴിഞ്ഞ വർഷം 1250 രൂപയുമാണ് നൽകിയത്. എന്നാൽ ഇത്തവണ ഉത്സവബത്ത ഇല്ലെന്നാണ് അറിയിപ്പ്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഹരിതകർമ സേനാംഗങ്ങളുണ്ട്.
കൊല്ലം കോർപ്പറേഷനിൽ നൂറിലേറെയും. ഒരു പഞ്ചായത്തിൽ വാർഡ് എണ്ണം അനുസരിച്ച് അറുപതുവരെ അംഗങ്ങളുണ്ട്. രണ്ടുപേർ വീതമാണ് ഓരോ വാർഡുകളിലെയും വീടുകളിൽ നിന്ന് അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇവിടെനിന്നു മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കും.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകിട്ടു വരെ ഒരു സുരക്ഷയും ഇല്ലാതെ ജോലിയിൽ ഏർപ്പെടുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേനയ്ക്ക് യൂസർ ഫീയായി ലഭിക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസം വരെ ഇവർക്ക് വീടുകൾ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്.
പ്രതിഫലം പേരിന്
തുച്ഛമായ തുക മാത്രമാണ് ഹരിത കർമ്മ സേനയുടെ പ്രതിഫലം. വിശേഷ ദിനങ്ങളിൽ ലഭിക്കുന്ന ഉത്സവബത്ത
ഇവർക്ക് വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിന്റെ ആരോഗ്യത്തിന് കാവലാളാകുന്ന തങ്ങളെ അവഗണിക്കുന്നു എന്നാണ് സേനാംഗങ്ങളുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |