SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

പച്ചക്കറികൾക്ക് തീവില, ഓണസദ്യയ്ക്ക് ചെലവേറും

കൊല്ലം: വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാൻ ഇത്തവണ വീട്ടമ്മമാർക്ക് ചെലവേറും. പച്ചക്കറിവില ഉയർന്നതോടൊപ്പം തേങ്ങയ്ക്കും പയർ വർഗങ്ങൾക്കും വില കൂടിയതോടെ ഒരു ഇലസദ്യയ്ക്ക് കുറഞ്ഞത് 50രൂപയെങ്കിലും അധികം ചെലവാകുന്ന സ്ഥിതിയാണ്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളേക്കാൾ നാടൻ പച്ചക്കറിക്ക് 10രൂപ വരെ വില കൂടുതലാണ്. അവിയൽ, സാമ്പാർ, കാളൻ, ഓലൻ, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, കിച്ചടി, ഇഞ്ചിക്കറി തുടങ്ങിയ വിഭവങ്ങളിലെല്ലാം പച്ചക്കറി പ്രധാന ചേരുവയായതിനാൽ വിലക്കയറ്റം സദ്യയുടെ ചെലവിലും പ്രതിഫലിക്കും. തേങ്ങയ്ക്കും എണ്ണയ്ക്കും വില ഉയർന്നുനിൽക്കുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു.

ഇഞ്ചിക്കാണ് ഇപ്പോൾ പ്രധാനമായും വില ഉയർന്നിരിക്കുന്നത്. ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് വില 100 മുതൽ 240 രൂപ വരെയാണ്. തോരൻ സാമ്പാർ ഇനങ്ങളായ വെണ്ടയ്ക്ക 40ഉം, അമരയ്ക്ക 50ഉം രൂപയായി. നേരത്തെ 25 രൂപയുണ്ടായിരുന്ന പടവലങ്ങയ്ക്ക് ഇപ്പോൾ 50രൂപയോളമായി. വെള്ളരിക്കയ്ക്ക് 20മുതൽ 25രൂപ വരെയാണ് വില. തക്കാളിക്ക് വില കുറഞ്ഞുനിൽക്കുന്നത് മാത്രമാണ് ആശ്വാസം.

കിറ്റിന് വില കൂടും

ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികൾ ഉൾപ്പെടുത്തിയ കിറ്റിനും ഇത്തവണ വില ഉയരും. നിലവിൽ ഒരു കിറ്റിന് ഏകദേശം 120രൂപ വരെയാണ് വില. പച്ചക്കറികളുടെ വില ഉയർന്നുനിൽക്കുന്നതാണ് കിറ്റ് വില വർദ്ധിക്കാൻ കാരണം. ഓണവിപണി മുന്നിൽ കണ്ട് തമിഴ്നാട്ടിൽ പച്ചക്കറി കൃഷി വർദ്ധിപ്പിച്ചിട്ടുണ്ട്. വരവ് കൂടുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഓണം അടുക്കുന്നതോടെ ആവശ്യകത കൂടുന്നതിനനുസരിച്ച് വില ഇനിയും ഉയരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL