കൊല്ലം: ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് വൈകാതെ 24 മണിക്കൂറാക്കും. കാത്ത് ലാബില്ലാത്ത കൊട്ടാക്കര താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി. ഇതോടെ ജില്ലാ ആശുപത്രിയിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെ എണ്ണം രണ്ടായി.
ജില്ലാ ആശുപത്രിയിൽ നേരത്തെ ഒരു ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് പരമാവധി മൂന്നുമണി വരെയേ ശസ്ത്രക്രിയകൾ നടക്കാറുള്ളു. അതിന് ശേഷം അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തേണ്ട തരത്തിൽ ഗുരുതരാവസ്ഥയിൽ എത്തുന്നവരെ റഫർ ചെയ്യുകയാണ് പതിവ്. പ്രവർത്തനം 24 മണിക്കൂറാകുന്നതോടെ ഈയവസ്ഥ മാറും. രാത്രികാലങ്ങളിൽ അടക്കം അത്യാസന്ന നിലയിൽ എത്തുന്നരെ ആൻജിയോ പ്ലാസ്റ്റി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഡ്യൂട്ടിയിലുള്ള കാത്ത് ലാബ് ടെക്നീഷ്യൻ നടത്തും. അതിനിടയിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് എത്തുന്ന തരത്തിലായിരിക്കും പ്രവർത്തനം. താത്കാലികാടിസ്ഥാനത്തിൽ കൂടുതൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുകയും ചെയ്യും.
നിലവിൽ ആറ് കിടക്കകളാണ് കാത്ത് ലാബിലുള്ളത്. രണ്ട് ദിവസത്തിനിടയിൽ നിലവിൽ ആറ് ആൻജിയോപ്ലാസ്റ്റിയോ ആൻജിയോഗ്രാമോ നടക്കുന്നുണ്ട്. കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സ്ഥലപരിമിതിയുള്ളതിനാൽ പ്രവർത്തനം 24 മണിക്കൂറാക്കുമെങ്കിലും ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകില്ല.
വേണുവിന്റെ മരണം പാഠം
ചവറ പന്മന സ്വദേശിയായ ഓട്ടോഡ്രൈവർ വേണുവിന്റെ മരണം പാഠമാക്കിയാണ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് 24 മണിക്കൂറാക്കുന്നത്. ഹൃദായഘാതത്തിന്റെ ലക്ഷണങ്ങളുമായി നീണ്ടകര താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത വേണുവിനെ പെട്ടെന്ന് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയും ചികിത്സ സമയത്ത് ലഭിക്കാതെ വേണു മരിച്ചു. ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും കാത്ത് ലാബ് ഉണ്ടായിരുന്നെങ്കിൽ വേണുവിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |