
കൊല്ലം: ജില്ലയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ വൻ തിരക്ക്. തിരുവോണനാളിൽ ജില്ലയുടെ പല ഭാഗങ്ങളിലും മഴ പെയ്തെങ്കിലും ഓണസദ്യയ്ക്ക് ശേഷം പലരും കുടുംബത്തോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തി.
കൊല്ലം ബീച്ചിൽ മഴ വില്ലനായെങ്കിലും, വൻ തിരക്കാണ് അനുഭവപ്പെട്ടത്. അഷ്ടമുടി കായലിന്റെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്ന സാമ്പ്രാണിക്കോടിയിലും മൺറോത്തുരുത്തിലേക്കുമുള്ള ബോട്ട് യാത്രയും ഓണക്കാലത്ത് ആകർഷണമായി. വനസൗന്ദര്യവും വെള്ളച്ചാട്ടത്തിന്റെ കുളിർമയും സമ്മാനിക്കുന്ന പാലരുവിയിൽ നീരൊഴുക്ക് കൂടിയിട്ടുണ്ടെങ്കിലും കനത്ത സുരക്ഷയോടെയാണ് പ്രവേശനം അനുവദിച്ചത്.
ഓണനാളിൽ മാത്രം പാലരുവിയിൽ രണ്ടുലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഹൗസ് ബോട്ടുകൾക്കും ഡി.ടി.പി.സി ബോട്ട് സർവീസുകൾക്കും മികച്ച ബുക്കിംഗും ലഭിച്ചു. വിവിധ കാർഷിക-വിപണന മേളകൾ, അമ്യൂസ്‌മെന്റ് എക്സ്പോകൾ, അവതാർ വേൾഡ് പോലുള്ള തീം ഷോകൾ, സർക്കസ്, കുട്ടികളുടെ റൈഡുകൾ എന്നിവയെല്ലാം ചേർന്ന് ആശ്രാമം മൈതാനത്ത് വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിന് പുറമെ, തേന്മല ഇക്കോ ടൂറിസം, പരപ്പാർ ഡാം, ചരിത്രപ്രസിദ്ധമായ ജടായു എർത്ത് സെന്റർ, ആശ്രാമം അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിലും തദ്ദേശീയരും അന്യസംസ്ഥാനക്കാരുമായ സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്.
ക്രമീകരണങ്ങളുമായി ഡി.ടി.പി.സി
സഞ്ചാരികൾക്കായി ഡി.ടി.പി.സിയും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മഴ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും തിരക്കിന് കുറവുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയും വ്യാപാരികളും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |