SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

സി.പി.ഒ സൗഹൃദത്തിന് എസ്.എച്ച്.ഒ തിളക്കം!

photo
കെ.എസ്.ധന്യ

കൊല്ലം: തൃശൂർ പൊലീസ് അക്കാഡമിയിലെ പരിശീലനകാലത്ത് തോളോടു ചേർന്നു നിന്ന് തിളങ്ങിയ കൂട്ടുകാരികൾ

ഇപ്പോൾ സ്റ്റേഷൻ ഭരണത്തിന്റെ അമരത്ത്! കേരള പൊലീസിൽ വനിതകൾക്ക് നേരിട്ട് സബ് ഇൻസ്പക്ടർ തസ്തികയിലേക്ക് നിയമനം നൽകാൻ പി.എസ്.സി ആദ്യമായി നടത്തിയ പരീക്ഷയിൽ, സർവീസിൽ ഉള്ളവരുടെ സംവരണ വിഭാഗത്തിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ കൊല്ലം ജില്ലക്കാരായ പ്രതിഭ നായരും കെ.എസ്.ധന്യയുമാണ് ഇപ്പോൾ രണ്ട് പൊലീസ് സ്റ്റേഷനുകളുടെ ഭരണചുമതല ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ ഭാഗമായി കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയി പ്രതിഭ നായരും പത്തനംതിട്ട ജില്ലയിലെ പുള്ളിക്കീഴ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയി കെ.എസ്.ധന്യയും ചുമതലയേറ്റു. വനിത പൊലീസ് തസ്തികയിൽ തുടങ്ങി കഠിനാദ്ധ്വാനത്തിലൂടെയും പരസ്പര പിന്തുണയിലൂടെയും സ്റ്റേഷൻ ഹൗസ് ഓഫീസർ പദവിയിലെത്തി നിൽക്കുന്ന ഇരുവരും സംസ്ഥാന പൊലീസിലെ വനിതാ മുന്നേറ്റത്തിന്റെ പുതിയ മുഖശ്രീയാണ്.

കഠിനാദ്ധ്വാനം, വിജയം

പൊലീസ് സേനയുടെ ഭാഗമായി നിന്നുകൊണ്ട് എസ്.ഐ പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോൾ മുതൽ തൃശൂർ പൊലീസ് അക്കാഡമിയിലെ പരേഡ് മൈതാനത്ത് കഠിന പരിശീലനം പൂർത്തിയാക്കുംവരെ കൈകോർത്തുനിന്ന കൂട്ടുകാരികളാണ് പ്രതിഭയും ധന്യയും. 2007ൽ വനിതാ സിവിൽ പൊലീസ് ഓഫീസറായി പ്രവേശിച്ച പ്രതിഭ, കൊല്ലം പിങ്ക് പൊലീസിലിരിക്കെയാണ് എസ്.ഐ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 2002ൽ സേനയിലെത്തിയ ധന്യ, ശാസ്താംകോട്ട സർക്കിൾ ഓഫീസിലെ വനിതാ സിവിൽ പൊലീസ് ഓഫീസറായിരിക്കെയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. എസ്.ഐമാരായി മാറിയതോടെ ഇരുവരും മികവുകൾ പ്രകടമാക്കി. പ്രതിഭ 2022ൽ ചെങ്ങന്നൂർ എസ്.ഐ ആയിരിക്കെ 25 കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയ സംഘത്തിലെ പ്രധാനിയായിരുന്നു. മറ്റ് നിരവധി കേസുകളിലും അന്വേഷണ മികവ് പ്രകടമാക്കി. തട്ടാമല മന്നം മെമ്മോറിയൽ സ്കൂളിലെ അദ്ധ്യാപികയായിരുന്ന പ്രതിഭ സർവീസിലിരിക്കെ ഗണിതശാസ്ത്രത്തിൽ ബി.എഡും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് എൽ.എൽ.ബിയും ജേണലിസത്തിൽ പി.ജിയും സ്വന്തമാക്കി. കൊല്ലം ബാറിലെ അഭിഭാഷകൻ ആർ.ദേവകുമാറാണ് ഭർത്താവ്. കുറ്റാന്വേഷണ മികവ് തുടക്കം മുതൽ പ്രകടമാക്കിയ കെ.എസ്.ധന്യയ്ക്ക് 2025ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. കൊട്ടാരക്കര കോട്ടാത്തല കോഴികുന്നത്ത് വീട്ടിൽ പരേതനായ ശിവദാസന്റെയും ലളിതയുടെയും മകളാണ്. റിട്ട.ഗ്രേഡ് എസ്.ഐ പ്രകാശാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL