കൊല്ലം: കൂട്ടിക്കടയിലെയും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെയും ആർ.ഒ.ബികളുടെ റെയിൽവേ ലൈനുകൾക്ക് മുകളിൽ നിർമ്മാണത്തിന് തയ്യാറായി റെയിൽവേ. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ ഉടൻ നിർമ്മാണത്തിലേക്ക് കടക്കും.
തിരുവനന്തപുരം ജില്ലയിലെ പുന്നമൂട്, വെട്ടുറോഡ് എന്നിവിടങ്ങളിലെയും കൂട്ടിക്കട, എസ്.എൻ കോളേജ് ജംഗ്ഷൻ ആർ.ഒ.ബികളുടെയും റെയിൽവേ ലൈനുകൾക്ക് മുകളിലെ നിർമ്മാണത്തിന് റെയിൽവേ ജനുവരിയിൽ ഒരുമിച്ച് ടെണ്ടർ ക്ഷണിച്ചിരുന്നു. സ്ഥലം കൈമാറിക്കഴിഞ്ഞാലുടൻ, ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കമ്പനിയുമായി കരാറുണ്ടാക്കും. കൂട്ടിക്കടയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലും റെയിൽവേ ലൈനിന് മുകളിലെ സ്പാനിന്റെ പൈലുകളിൽ ചിലത് രൂപരേഖ പ്രകാരം സ്വകാര്യ ഭൂമിയിലായതിനാലാണ് കരാർ ഒപ്പുവയ്ക്കാത്തത്. രണ്ടിടങ്ങളിലെയും ഗേറ്റുകൾ ഒഴിവാക്കി ട്രെയിനുകളുടെ വേഗം നിയന്ത്രിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് നിർമ്മാണത്തിനുള്ള നടപടികൾ റെയിൽവേ വേഗത്തിലാക്കുന്നത്.
കൂട്ടിക്കട ആർ.ഒ.ബി
ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെയും വിലനിർണയം അടക്കം പൂർത്തിയാക്കി നഷ്ടപരിഹാര പാക്കേജും പുനരധിവാസ പാക്കേജും തയ്യാറായിട്ടുണ്ട്. സർക്കാർ പണം അനുവദിച്ചാൽ മൂന്ന് മാസത്തിനകം നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാം.
എസ്.എൻ കോളേജ് ജംഗ്ഷൻ ആർ.ഒ.ബി
ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെയും സർവ്വേയും വിലനിർണയവും പുരോഗമിക്കുകയാണ്. നഷ്ടപരിഹാര തുകയും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ച് പരാതികൾ കേട്ട് പരിഹരിക്കണം. അതിന് ശേഷം നഷ്ടപരിഹാര വിതരണം. ഇപ്പോഴത്തെ അവസ്ഥയിൽ നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷം വേണ്ടി വരും.
മയ്യനാട് ആർ.ഒ.ബിക്ക് ഉടൻ കരാർ
മയ്യനാട് ആർ.ഒ.ബി നിർമ്മാണത്തിനുള്ള കരാർ ഒന്നരമാസത്തിനുള്ളിൽ ഒപ്പുവയ്ക്കും. ആദ്യ ടെണ്ടറിൽ ഒരു കമ്പനിയാണ് പങ്കെടുത്തത്. തുടർന്ന് നടത്തിയ റീ ടെണ്ടറിന്റെ സമയപരിധി തീർന്നില്ലെങ്കിലും കൂടുതൽ കമ്പനികൾ ബിഡ് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ കൂടുതൽ ഉയർന്നാൽ കരാർ നടപടികൾ നീളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |