എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്ര പരിസരത്ത് ആധുനിക വഴിവിളക്കുകൾ ഉൾപ്പെടുത്തിയുള്ള സ്ട്രീറ്റ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നു. കച്ചേരിമുക്ക് മണികണ്ഠൻ ആൽത്തറ മുതൽ ഗണപതി ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. വൈകുന്നേരം മുതൽ ക്ഷേത്ര വഴിയിൽ മികച്ച വെളിച്ചവും ഭംഗിയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
സ്ഥലസന്ദർശനം
പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എൻ. ബാലഗോപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ. ഷാജു എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
30 കോടിയുടെ വികസന പദ്ധതികൾ ഉടൻ
ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട് 30 കോടി രൂപയുടെ മറ്റ് സമഗ്ര വികസന പദ്ധതികളും ഉടനടി നടപ്പാക്കും. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാല് നില പിൽഗ്രിം ഹൗസ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് ചന്തമുക്കിനോട് ചേർന്ന് ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 93 സെന്റ് ഭൂമിയിലാണ് ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. അടുത്തിടെ ഇവിടെ മതിൽകെട്ടി ഗേറ്റ് സ്ഥാപിച്ച് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൂടാതെ, ക്ഷേത്രക്കുളം നവീകരിച്ച് ഇരിപ്പിടങ്ങൾ അടക്കം സ്ഥാപിച്ച് മനോഹരമാക്കാനുള്ള പദ്ധതിയടക്കം ഉടൻ തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |