ക്യൂ നിന്ന് കുഴഞ്ഞു വീണ് രോഗികൾ
കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രി ലാബിന് മുന്നിൽ അഞ്ചു ദിവസമായി നെടുനീളൻ ക്യൂ. മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പല രോഗികളും കുഴഞ്ഞു വീണു. പരസ്പരമുണ്ടായ തർക്കം പലതവണ അടിപിടിയുടെ വക്കോളവുമെത്തി. ലാബുകളിലേക്ക് രോഗികളെ എത്തിക്കുന്നതു സംബന്ധിച്ച് ഇ.എസ്.ഐ കോർപ്പറേഷൻ മുന്നൊരുക്കമില്ലാത ചില കാര്യങ്ങൾ നടപ്പാക്കിയതാണ് പ്രശ്നങ്ങളുടെ കാരണം.
നേരത്തെ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണ് ലാബുകളിൽ പരിശോധന നടത്തിയിരുന്നത്. ഈമാസം ഒന്ന് മുതൽ ലാബുകളെക്കൂടി കോർത്തിണക്കിയ പോർട്ടൽ വഴി ഡോക്ടറുടെ കുറിപ്പടി ലഭിച്ചെങ്കിൽ മാത്രമേ പരിശോധന നടത്തൂ. ഇതൊന്നുമറിയാതെ നേരത്തെ ഡോക്ടർമാർ നൽകിയ കുറിപ്പടിയുമായി രോഗികൾ പരിശോധനയ്ക്ക് എത്തുന്നതാണ് പ്രശ്നം. ലാബിന് മുന്നിൽ എത്തുമ്പോഴാണ് ഓൺലൈനായി ഡോക്ടറുടെ കുറിപ്പടി വേണമെന്ന് പറയുന്നത്. ഇതോടെ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് പുതിയ കുറിപ്പടി വാങ്ങേണ്ട അവസ്ഥയാണ്.
ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവുമുള്ള രക്ത പരിശോധനകൾക്കായി പലരും രാവിലെ ഏഴിന് വീട്ടിൽ നിന്നിറങ്ങുന്നതാണ്. പരിശോധന നീണ്ട് ഭക്ഷണം കഴിക്കാൻ വൈകിയാണ് കുഴഞ്ഞുവീഴുന്നത്. രോഗികളുടെ പ്രതിഷേധം ശക്തമായതോടെ ലാബിന് സമീപം ഓൺലൈനായി കുറിപ്പടി നൽകാൻ ഡോക്ടർമാരെ നിയോഗിച്ചെങ്കിലും ക്യൂവിന്റെ നീളവും കാത്തിരിപ്പിന്റെ സമയവും കാര്യമായി കുറഞ്ഞിട്ടില്ല.
രണ്ട് ദിവസത്തെ കൂലി നഷ്ടം
സാമ്പിളെടുത്താൽ മുമ്പ് രണ്ട് മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുമായിരുന്നു. അതുകൊണ്ട് രാവിലെയെത്തി ലാബിൽ സാമ്പിൾ നൽകി പരിശോധന ഫലം വാങ്ങി അന്ന് തന്നെ ഡോക്ടറെ കാണിച്ചാണ് ഭൂരിഭാഗം പേരും മടങ്ങിയിരുന്നത്. എന്നാൽ ഫലം വൈകുന്നതിനാൽ ഡോക്ടറെ കാണാൻ വീണ്ടും ജോലി മുടക്കി എത്തണം. ഇങ്ങനെ പാവപ്പെട്ട തൊഴിലാളികൾക്കും ജീവനക്കാർക്കും രണ്ട് ദിവസത്തെ കൂലി നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഒരു ദിവസം 300 പേരിലധികമാണ് ഇപ്പോൾ ലാബിൽ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |