കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ട പ്രതി, എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 12ന് കരിക്കോട് സാരഥി ജംഗ്ഷനിൽ വച്ച് കുണ്ടറ സി.ഐ സുനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈജേഷിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം മുതൽ പൊലീസ് സംഘം പിന്തുടരുകയായിരുന്നു.
നാന്തിരിക്കലിലെ വീട്ടിൽ നിന്നു വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന് വൈജേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാമഗ്രികൾ വിറ്റ കണ്ണനല്ലൂരിലെ ആക്രിക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിന് പുറമേ മോഷണക്കുറ്റവും ചുമത്തി വൈജേഷിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിൽ ചൊവ്വാഴ്ച രാത്രിയാണ് വൈജേഷിനെ കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ അടച്ചെങ്കിലും പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പൂട്ടാൻ മറന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വൈജേഷ് ബുധനാഴ്ച പുലർച്ചെ 1.10 സെല്ലിന്റെ കൊളുത്തി നീക്കി രക്ഷപെടുകയായിരുന്നു. വൈജേഷ് ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാരുടെ വീഴ്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ എസ്. രാഹുൽ, എ.എസ്.ഐ ഷിന്റെ, സി.പി.ഒമാരായ അൻവർ, ശ്രീജിത്ത്, സജിത്ത് നിക്സൺ, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് വിജേഷിനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |