SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ പരവൂർ കായലിൽ വൻ മണൽക്കൊള്ള

ആവശ്യമുള്ളതിനേക്കാൾ കൂടുതൽ മണ്ണ് വാരി കടത്തുന്നു

കൊല്ലം: ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ പരവൂർ കായലിൽ വമ്പൻ മണൽക്കൊള്ള. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ മണൽ ഡ്രഡ്ജ് ചെയ്ത് കടത്തുന്നുവെന്നാണ് പരാതി. പരവൂർ മുനിസിപ്പാലിറ്റിയുടെയും മയ്യനാട് പഞ്ചായത്തിന്റെയും അതിർത്തിയിൽ മുക്കം കുരിശ്ശടിക്ക് സമീപമാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മണൽക്കൊള്ള.

കായലിൽ നിന്നു ഡ്രഡ്ജ് ചെയ്യുന്ന മണലിൽ ചെളിയുടെ അളവ് കൂടുതലായതിനാൽ ആറുവരിപ്പാതയിലെ അടിപ്പാതയുടെയും ഫ്ലൈ ഓവകളുടെയും പാലങ്ങളുടെയും അപ്രോച്ച് റോഡിനടിയിൽ നിറയ്ക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത്തിക്കര പാലത്തിന്റെ അപ്രോച്ച് റോഡിൽ മാത്രമാണ് മണ്ണ് നിറച്ചത്. അവിടെക്ക് മണ്ണ് കൊണ്ടുപോകുന്നതിന്റെ മറവിൽ വലിയ അളവിൽ പകൽ സമയത്ത് അടക്കം മണൽ കടത്തിയെന്നാണ് ആരോപണം.

മണ്ണ് ക്ഷാമത്തെ തുടർന്നാണ് ദേശീയപാത 66 ന്റെ കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണ കമ്പനിക്ക് സംസ്ഥാന സർക്കാർ പരവൂർ കായലിൽ ഡ്രഡ്ജിംഗിന് അനുമതി നൽകിയത്. നിർമ്മാണ കമ്പനി രണ്ട് ഏജൻസികൾക്ക് ഉപകരാർ നൽകി. രാത്രി മാത്രമേ മണ്ണ് കൊണ്ടുപോകാറുള്ളൂ എന്നാണ് ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച വരെ പലദിവസങ്ങളിലും പകൽ സമയത്തും മണ്ണ് കൊണ്ടുപോയി. നിർമ്മാണം പൂർത്തിയാക്കാൻ ഇനി 700 ലോഡ് മണൽ കൂടി വേണമെന്നാണ് കമ്പനി പറയുന്നത്.

 ഒത്താശയ്ക്ക് ആളുണ്ട്

ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണലിന്റെ അളവ് പരിശോധിക്കാതെ ഉൾനാടൻ ജലഗതാഗത വകുപ്പ് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്. സ്ഥലത്തെത്തി അളവ് പരിശോധിക്കണമെന്ന് സർക്കാർ ഉത്തരവിലുണ്ട്. ദേശീയപാത നിർമ്മാണ കമ്പനി എല്ലാമാസവും നൽകുന്ന കണക്ക് അതേപടി അംഗീകരിക്കുകയാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ.

മണൽക്കൊള്ള തുടർന്നാൽ

 മഴക്കാലത്ത് തീരം ഇടിയും
 കായലിൽ കൂടുതൽ അഗാധ ഗർത്തങ്ങൾ
 തീരത്ത് വള്ളങ്ങൾ അടുപ്പിക്കാനാകില്ല
 മത്സ്യസമ്പത്തിന് നാശം

ഡ്രഡ്ജിംഗ് നിറുത്തണം: മയ്യനാട് പഞ്ചായത്ത്

പരവൂർ കായലിൽ മുക്കം- പൊഴിക്കര തീരത്ത് നടക്കുന്ന ഡ്രഡ്ജിംഗ് നിറുത്തിവയ്ക്കണമെന്ന് മയ്യനാട് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.എസ്. അബിൻ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി അംഗീകരിച്ചു. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. മയ്യനാട് പൊഴിക്കര ഭാഗം പരിസ്ഥിതി ദുർബല മേഖലയാണെന്നും ഈ ഭാഗത്ത് നിന്നു ഇതിനോടകം വൻതുകയുടെ മണൽ പരസ്യമായി കടത്തിയതായും ആർ.എസ്. അബിൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL