കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരെയുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതീരാജ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
യൂണിവേഴ്സിറ്റിയുടെ അക്കാഡമിക പ്രവർത്തനങ്ങളെയും പരീക്ഷാ നടത്തിപ്പിനെയും കുറിച്ച് ചില മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യു.ജി.സി നിറുത്തലാക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ സമ്പ്രദായം നിയമ വിരുദ്ധമായി തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ചില സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളും പാരലൽ കോളേജുകളുമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്ന ചില സ്ഥാപനങ്ങൾ, വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനും യൂണിവേഴ്സിറ്റിയെ താറടിച്ച് കാണിക്കാനും നടത്തുന്ന ഗൂഢ ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി, പി.ജി പ്രോഗ്രാമുകൾക്കും യു.ജി.സി, ഡി.ഇ.ബി അംഗീകാരമുണ്ട്. യൂണിവേഴ്സിറ്റി നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലെ മറ്റേതൊരു യൂണിവേഴ്സിറ്റി ബിരുദങ്ങൾക്കും തുല്യമാണ്. ഉത്തത പഠനത്തിനും. കെ.പി.എസ്.സി, യു.പി.എസ്.സി ഉൾപ്പടെയുള്ള എല്ലാ മത്സര പരീക്ഷകൾക്കും ജോലികൾക്കും പൂർണമായും അംഗീകൃതമാണ്. യൂണിവേഴ്സിറ്റിക്ക് എൻ.സി.ഇ.ടി.വി അക്രഡിറ്റേഷനും കെ.ഐ.ആർ.എഫ് റാങ്കിംഗിൽ 11-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. എൻ.ആർ.എഫ് റാങ്കിംഗിനും നാക് അക്രഡിറ്റേഷനും യൂണിവേഴ്സിറ്റി സജ്ജമാണ്.
സംസ്ഥാനത്തുടനീളം 5 റീജീയൺ കേന്ദ്രങ്ങളും 79 പഠന കേന്ദ്രങ്ങളും 100 പരീക്ഷാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ അദ്ധ്യയന വർഷം എക്സാം ഓൺ ഡിമാൻഡ്, ഓൺ സ്ക്രീൻ വാലുവേഷൻ, ഡിജി ഗുരു ഓൺലൈൻ പ്ളാറ്റ് ഫോം എന്നിവ നടപ്പാക്കും. ശ്രീനാരായണ മെരിറ്റ് സ്കോളർഷിപ്പ്, ഇ ഗ്രാന്റ്സ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഒരു ലക്ഷത്തിലധികം പഠിതാക്കൾ നിലവിലുണ്ട്. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള യൂണിവേഴ്സിറ്റിയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ പൊതുസമൂഹവും മാദ്ധ്യമങ്ങളും ചെറുക്കണം. നാല് വർഷം മാത്രം പിന്നിട്ട യൂണിവേഴ്സിറ്റി എന്ന നിലയിൽ ചെറിയ പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിച്ചുവരികയാണെന്നും വൈസ് ചാൻസലർ പറഞ്ഞു. പരീക്ഷാ കൺട്രോളർ പ്രൊഫ.ഡോ.ആനന്ദരശ്മി, ഫിനാൻസ് ഓഫീസർ എം.എസ്.ശരണ്യ, റീജിയണൽ ഡയറക്ടർ പ്രൊഫ.ഡോ.സോഫിയ രാജൻ, സൈബർ കൺട്രോളർ ടി.ബിജുമോൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |