അനധികൃത മീൻപിടിത്തം തടയാൻ പരമ്പരാഗത തൊഴിലാളികൾ
കൊല്ലം: പരമ്പരാഗത വള്ളങ്ങളിലെയും ബോട്ടുകളിലെയും തൊഴിലാളികളെ തമ്മിലടിപ്പിക്കും വിധം തീരക്കടലിൽ ബോട്ടുകളുടെ നിയമവിരുദ്ധമായി വലയിടുന്നു. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കാഴ്ചക്കാരായിൽ നിൽക്കുന്നതിനാൽ, നേരിട്ടിറങ്ങി കരവലി പൂർണമായും തടയാനുള്ള ആലോചനയിലാണ് പമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇത് സംഘർഷമുണ്ടാക്കുമെന്ന് ഉറപ്പ്.
ഫിഷറീസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം നിശ്ചിത ആഴത്തിനപ്പുറമുള്ള പ്രദേശത്തു മാത്രമേ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുള്ളു. കൊല്ലങ്കോട് മുതൽ പരവൂർ വരെ 30 മീറ്റർ ആഴത്തിനപ്പുറവും പരവൂർ പൊഴിക്കര മുതൽ മഞ്ചേശ്വരം വരെ 20 മീറ്ററിനപ്പുറവുമാണ് ബോട്ടുകൾക്ക് വലവിരിക്കാനുള്ള അനുമതി. ആഴം കുറവുള്ള തീരക്കടലിൽ സമീപകാലത്ത് കണവ അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ബോട്ടുകൾ ദൂരപരിധി ലംഘിച്ച് ആഴം കുറഞ്ഞ തീരക്കടലിലെത്തി വലവിരിക്കുന്നതിനാൽ പരമ്പരാഗത വള്ളങ്ങളുടെയും കട്ടമരങ്ങളുടെയും മത്സ്യലഭ്യത കുത്തനെ ഇടിഞ്ഞു. രണ്ട് ബോട്ടുകൾ ഒരുമിച്ചെത്തി കൂറ്റൻ വലകൾ വിരിച്ച് അട്ടിത്തട്ടിലെ മത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുക്കുന്നുവെന്നാണ് പരമ്പരാഗത വള്ളക്കാരുടെ പരാതി. ഈ ഭാഗങ്ങളിൽ തങ്ങൾ മണിക്കൂറുകളോളം വലവിരിച്ചാലും കാര്യമായി ഒന്നും കിട്ടാത്ത അവസ്ഥയാണെന്നും വള്ളക്കാർ പറയുന്നു.
കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും കേടുപാടുണ്ടാകാും. കടലിൽ ആളപായത്തിനും വഴിയൊരുങ്ങും. കഴിഞ്ഞമാസം കരവലയെ ചൊല്ലി അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ കടലിൽ സംഘർഷമുണ്ടായിരുന്നു.
പതുങ്ങിയെത്തി വലയിടും
രാത്രിയാകുമ്പോൾ ലൈറ്റ് ഓഫ് ചെയ്താണ് ബോട്ടുകൾ തീരക്കടലിലേക്ക് എത്തുന്നത്. സംഭവം ശ്രദ്ധയിൽപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വിവരമറിയുക്കുന്നത് പ്രകാരം ഫിഷറീസ് വകുപ്പിന്റെയോ മറൈൻ എൻഫോഴ്സ്മെന്റിന്റെയോ ബോട്ടുകൾ എത്തുമ്പോഴേക്കും വലയുടെ കയർ മുറിച്ചുകളഞ്ഞ് സ്ഥലം വിടും. ബോട്ടുകൾ രാത്രിയെത്തി വല വിരിച്ച ശേഷം പുലർച്ചെയാണ് തിരിച്ചുവലിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |