കൊല്ലം: നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിലുള്ള ഭക്ഷണശാലകളിൽ ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ അളവ്-തൂക്ക നിയമങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തി. ഇന്നലെ രാവിലെ 11ഓടെ 2 മൾട്ടിപ്ലക്സ് തിയറ്ററുകളിലാണ് പരിശോധന നടന്നത്.
ഭക്ഷണശാലകളിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഒരുമിച്ചാണ് സൂക്ഷിച്ചിരുന്നത്. കാലാവധി കഴിഞ്ഞ പാൽ, ചെറുപ്രാണികളും മുടിയും വീണ നിലയിൽ ഐസ്ക്രീം പാക്കറ്റുകൾ എന്നിവ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയ്ക്ക് നോട്ടീസ് നൽകി. ലൈസൻസില്ലെന്ന് കണ്ടെത്തിയ മറ്റൊരു ഫുഡ് സ്റ്റാൾ അടപ്പിച്ചു.
തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അളവിലും ക്രമക്കേട് കണ്ടെത്തി. ഫുഡ് സ്റ്റാളിൽ 60ഗ്രാം എന്ന പേരിൽ വിൽക്കുന്ന പോപ്കോണിൽ 45 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. തൂക്കക്കുറവിന് ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. തിയറ്റർ ഉടമകൾ 5000 രൂപ വീതം പിഴയടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകി. മറ്റൊരു സ്വകാര്യ മാളിലെ തിയറ്റർ ബില്ലിൽ പോപ്കോണിന്റെ തൂക്കം രേഖപ്പെടുത്താത്തതും കണ്ടെത്തി നോട്ടീസ് നൽകി. വരും ദിവസങ്ങളിലും ജില്ലയിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ പറഞ്ഞു.
അമിതവില, നിസ്സഹായത
പാക്കറ്റ് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ വിലയിൽ മാത്രമാണ് ലീഗൽ മെട്രോളജി വകുപ്പിന് ഇടപെടാനാകുന്നത്. എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കുകയോ സ്റ്റാൻഡേർഡ് അളവിൽ വ്യത്യാസം വരുത്തുകയോ ചെയ്താൽ ലീഗൽ മെട്രോളജിക്ക് നടപടി സ്വീകരിക്കാം. എന്നാൽ തിയറ്ററുകളിൽ തയ്യാറാക്കി വിൽക്കുന്ന പോപ്കോൺ പോലെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലനിർണയത്തിൽ വകുപ്പിന് ഇടപെടാനാകില്ല. ജില്ലാ ഡെപ്യൂട്ടി കൺട്രോളർ ജനറൽ എൽ. സാന്ദ്ര ജോൺ, ഫ്ലയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ ബി.ഐ. സൈലാസ്, ജില്ലാ സപ്ലൈ ഓഫീസർ കെ.വി. സിന്ധു, നോഡൽ ഫുഡ് സേഫ്ടി ഓഫീസർ എ.അനീഷ, റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. അജീഷ്, എസ്. ആശ, കെ.ജി. സുരേഷ് കുമാർ, ഡി.പി. ശ്രീകുമാർ, ജി.സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |