കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വെണ്ടാർ അരീയ്ക്കൽ ഭാഗത്ത് കലുങ്ക് നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ഗതാഗതം പുനരാരംഭിച്ചില്ല. ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
ലഭിച്ചത് 30 ലക്ഷം രൂപയുടെ ഫണ്ട്
കഴിഞ്ഞ ടേമിൽ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന വി. സുമാലാൽ മുൻകൈയെടുത്താണ് അരീയ്ക്കൽ ഭാഗത്ത് കലുങ്ക് പുനർനിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചത്. സാധാരണ കലുങ്കിനേക്കാൾ കൂടുതൽ വീതിയുള്ളതിനാൽ ഒരു ചെറിയ പാലത്തിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
'കേരള കൗമുദി' വാർത്ത വഴിത്തിരിവായി
അര നൂറ്റാണ്ടിലധികം പഴക്കമുള്ള കലുങ്കിന്റെ അടിത്തറ ഉൾപ്പെടെ ഇളകി തീർത്തും അപകടാവസ്ഥയിലായിരുന്നു. ഇതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി 2025 സെപ്തംബർ 10ന് 'നിലംപൊത്താൻ നാളെണ്ണി അരീയ്ക്കൽ കലുങ്ക്' എന്ന തലക്കെട്ടോടെ 'കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിർമ്മാണത്തിനുള്ള തുക അനുവദിച്ചത്
പ്രതീക്ഷയോടെ നാട്ടുകാർ, പക്ഷേ...
നിർമ്മാണം ആരംഭിച്ചപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. പഴയ കലുങ്ക് പൂർണ്ണമായും പൊളിച്ചുമാറ്റി പുതിയത് പണിയുകയും, റോഡിന് സംരക്ഷണ ഭിത്തിയും കൈവരികളും ഒരുക്കുകയും ചെയ്തു. എന്നാൽ പണികൾ പൂർത്തിയായിട്ടും റോഡ് ഗതാഗതത്തിന് തുറന്നുനൽകാത്തതിനാൽ മാസങ്ങളായി തുടരുന്ന യാത്രാതടസത്തിൽ വലിയ ബുദ്ധിമുട്ടിലാണ് നാട്ടുകാർ.
പൊട്ടിപ്പൊളിഞ്ഞ റോഡ്
കലുങ്ക് പൂർത്തിയായെങ്കിലും റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിൽ യാത്രാ ദുരിതമേറിയിരിക്കയാണ്. മന്ത്രിയായിരിക്കെ കെ.എൻ.ബാലഗോപാൽ അരീയ്ക്കൽ ഭാഗം റോഡിന്റെ നവീകരണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർ നടപടികൾ ആകുന്നില്ല. കൊട്ടാരക്കര- പുത്തൂർ റോഡിൽ നിന്നാണ് അരീക്കൽ ഭാഗം റോഡ് തുടങ്ങുന്നത്. അരീയ്ക്കൽ ഭാഗം ശ്രീവിദ്യാധിരാജ എൽ.പി സ്കൂളും ഈ റോഡരികിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |