ഓച്ചിറ: ശില്പകലയുടെയും മെയ്ക്കരുത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ ഓണാട്ടുകരക്കാരുടെ 28-ാം ഓണമഹോത്സവം 23ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അരങ്ങേറും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾക്കൊള്ളുന്ന ഓണാട്ടുകരയിലെ 52 കരകളിൽ നിന്നായി ഇരുന്നൂറോളം കെട്ടുകാളകളാണ് അണിനിരക്കുന്നത്.
സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച ഉഴവുകാളകൾക്കും ദേശത്തിന്റെ കാവലാളായ പരബ്രഹ്മത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ഉത്സവം കൊണ്ടാടുന്നത്. ഒരുജോഡി കെട്ടുകാളകളുടെ രൂപം തടിയിൽ നിർമ്മിച്ച് കച്ചിയിൽ പൊതിഞ്ഞ്, ഓണം കഴിഞ്ഞുവരുന്ന തിരുവോണദിവസം ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ എത്തിക്കുന്നതാണ് 28-ാം ഓണമഹോത്സവത്തിന്റെ പ്രധാന ആചാരം.
കെട്ടുകാളകളുടെ ഉടലും തലയും സ്വന്തമായുള്ള കരക്കാരും സമിതികളും അവസാന മിനുക്കുപണികളിലാണ്. ശിവപാർവതി സങ്കൽപ്പത്തിലാണ് ഇവ അണിയിച്ചൊരുക്കുന്നത്. ഇടതുവശത്തെ വെള്ളക്കാള ശിവനെയും വലതുവശത്തെ ചുവപ്പുകാള പാർവതിയെയും സൂചിപ്പിക്കുന്നു. നിർമ്മാണം പൂർത്തിയായാൽ ശിരസും നെറ്റിപ്പട്ടവും വഹിച്ചുകൊണ്ടുള്ള ദേശഘോഷയാത്രകൾ നടക്കും. തിരുവോണദിവസം രാവിലെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഇവയെ പരബ്രഹ്മസന്നിധിയിലേക്ക് ആനയിക്കും.
ഭീമാകാരങ്ങളായ കെട്ടുകാളകൾ
കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്തവിധം ഭീമാകാരങ്ങളായ കെട്ടുകാളകളെയാണ് കരക്കാർ അണിനിരത്തുന്നത്. പാല, ഊറാവ് തുടങ്ങിയ തടികളിലാണ് ശിരസ് നിർമ്മിക്കുന്നത്. ഞക്കാനാൽ കരക്കാരുടെ 'വിശ്വപ്രജാപതി കാലഭൈരവന്റെ' തലയുടെ മാത്രം ഉയരം 16 അടിയാണ്. മാമ്പ്രക്കന്നേൽ യുവജനസമിതിയുടെ 'ഓണാട്ടുകതിരവന്' 56 അടി ഉയരവും പതിനാലര അടി നീളമുള്ള ശിരസുമുണ്ട്. പരേതനായ ചുനക്കര രാജൻ, പരേതനായ പുലിമേൽ വിജയനാചാരി എന്നിവരാണ് ഭൂരിഭാഗം കെട്ടുകാളകളുടെയും ശിരസ് നിർമ്മിച്ചത്. പ്രജിത് വടക്കുംതല, പുലിമേൽ വിഷ്ണുവിജയൻ എന്നിവരാണ് ഇപ്പോഴത്തെ പ്രമുഖ ശില്പികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |