കൊല്ലം: മുളങ്കാടകം വിഷ്ണത്തുകാവിന് സമീപം നൂറ് വർഷത്തോളം പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു. വിഷ്ണത്തുകാവ് എൻ.കെ.ആർ.എ 90 എയിൽ ശോഭനകലയുടെ ജി.പി വിലാസം എന്ന വീടാണ് ഇന്നലെ അഗ്നിക്കിരയായത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. കത്തിനശിച്ച വീടിന്റെ കുറച്ചുഭാഗം പൊളിച്ചുനീക്കി പുതിയ വീടിന്റെ നിർമ്മാണം നടക്കുകയായിരുന്നു. അഗ്നിബാധ തുടങ്ങുമ്പോൾ ശോഭനകല നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ പുതിയ വീട്ടിൽ നിൽക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്ക് എത്തിയപ്പോൾ പഴയ വീടിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നതാണ് കണ്ടത്. തൊട്ടുപിന്നാലെ ആളിപ്പടർന്നു. ശോഭനകലയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ വിവരമറിയിച്ചത് പ്രകാരം ഫയർഫോഴ്സ് എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. കഴുക്കോലുകൾ കത്തിനശിച്ച് മേൽക്കൂരയിലെ ഓടുകൾ നിലംപതിച്ചു. ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും രേഖകളും വസ്ത്രങ്ങളും കത്തിനശിച്ചു.
നഷ്ടം പൂർണമായും കണക്കാക്കിയിട്ടില്ല. ശോഭനകല മാത്രമായിരുന്നു വീട്ടിൽ താമസം. മൂന്ന് മീറ്റർ അകലെ വീടുകൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീപടർന്നില്ല. ചാമക്കട ഫയർ സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |