SignIn
Kerala Kaumudi Online
Sunday, 01 November 2026 2.11 AM IST

സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയുമായി നഗരത്തിൽ തെളിവെടുപ്പ്

police

കൊല്ലം: വാടിയിലെ വീട്ടിൽ നിന്ന് വ്യാജനോട്ട് നിർമ്മാണ സാമഗ്രികൾ കണ്ടെത്തിയ കേസിലെ പ്രതിയായ വാടി സ്വദേശി സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ മയ്യനാട് സ്വദേശി ആദർശുമായി ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ജി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കൊല്ലം ആശ്രാമത്തെ ലോഡ്ജ്, ആശ്രാമം മൈതാനം, കൊല്ലം റെയിൽവേ ക്വാർട്ടേഴ്സ്, നഗരത്തിലെ വിവിധ ഹോട്ടലുകൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈമാസം 17നാണ് സിബിയോണിനെ പത്തോളം പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. സുഹൃത്തായ ആദർശ് വീട്ടിലെത്തി സിബിയോണിനെ ആശ്രാമത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

തുടർന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്ക് പുറമേ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൊല്ലം നഗരത്തിലെയും ചിലരടങ്ങുന്ന സംഘം സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമായി സിബിയോണും ആദർശും വെളിപ്പെടുത്തിയിട്ടില്ല. മൂന്നിരട്ടി തുകയുടെ കറൻസി നൽകാമെന്ന് പറഞ്ഞ് അക്കൗണ്ടിലൂടെ കബിളിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസിന്റെ നിഗമനം. ഈ സംഘത്തിലുണ്ടായിരുന്നവരെ വൈകാതെ പിടികൂടും.

കാർ കസ്റ്റഡിയിൽ

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റ‌ഡിയിൽ എടുത്തതായും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോകൽ സംഘം ആശ്രാമത്തെ ലോഡ്ജിൽ മുറിയെടുക്കാൻ ശ്രമിച്ചെങ്കിലും ഒഴിവുണ്ടായിരുന്നില്ല. പിന്നീട് മൈതാനത്തിന് സമയം ചെലവഴിച്ച ശേഷം സിബിയോണിനെ കാറിൽ റെയിൽവേ ക്വാർട്ടേഴ്സിൽ എത്തിച്ചു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സിബിയോണുമായി ചർച്ച നടത്താൻ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ടവ‌ർ നേരത്തെ തന്നെ കൊല്ലത്തെ ഹോട്ടലുകളിൽ മുറിയെടുത്ത് തങ്ങിയിരുന്നു. സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സിബിയോണിന്റെ വീട്ടിൽ നിന്ന് കള്ളനോട്ട് പ്രിന്ററും കള്ളനോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർ കെട്ടുകളും കണ്ടെടടുത്തത്. കള്ളനോട്ട് നിർമ്മാണ കേസിൽ സിബിയോണിനെ ചോദ്യം ചെയ്തുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, LATESTNEWS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY