കൊല്ലം: മാലിന്യസംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ജില്ലയിൽ രണ്ടുമാസത്തിനിടെ പിഴയിട്ടത് 9.21 ലക്ഷം രൂപ. തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി നടത്തിയ 3,643 പരിശോധനകളിലാണ് 455 നിയമലംഘനങ്ങളിൽ പിഴയിട്ടത്.
ഇതിൽ 5ലക്ഷം ഈടാക്കി. 433 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം കണ്ടെത്തിയ 14 അനധികൃത സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. വൻതോതിൽ മാലിന്യം ഉത്പാദിപ്പിക്കുന്ന 38 സ്ഥാപനങ്ങളിലും പരിശോധന നടന്നു. ജൂലായിൽ മാത്രം കൊല്ലം കോർപ്പറേഷൻ പരിധിയിൽ ചുമത്തിയ 1.30 ലക്ഷം പിഴ പൂർണമായും ഈടാക്കിയിരുന്നു.
മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്താനുമായി 2023ലാണ് ജില്ലയിൽ സ്ക്വാഡുകൾ രൂപീകരിച്ചത്. ഇതുവരെ ഈടാക്കിയ പിഴ ലക്ഷങ്ങൾ കടന്നു. വരും ദിവസങ്ങളിലും പരിശോധനകളും നിയമനടപടികളും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
14 സ്ഥാപനങ്ങൾ അടപ്പിച്ചു
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുകയോ കത്തിക്കുകയോ ചെയ്യരുത്
ജലാശയങ്ങളിൽ മാലിന്യം തള്ളരുത്
മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്
ഇതുവരെ 14 സ്ഥാപനങ്ങൾ അടപ്പിച്ചു
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്
അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കരുത്
അംഗീകൃത കേന്ദ്രങ്ങൾ വഴിയല്ലാതെ ടോയ്‌ലെറ്റ് മാലിന്യങ്ങൾ സംസ്കരിക്കരുത്
പിഴയും ശിക്ഷയും
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 5000 രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 50000 വരെയും. മാലിന്യമോ ചവറോ വിസർജ്യവസ്തുക്കളോ ജലാശയങ്ങളിൽ തള്ളിയാൽ 50000 രൂപവരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവുമാണ് ശിക്ഷ. നിരോധിത പ്ലാസ്റ്റിക് (കവറുകൾ ഉൾപ്പെടെ) വില്പന നടത്തിയാൽ 50000 വരെയാണ് പിഴ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |