SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

കൊല്ലം വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടാക്കും: ബിന്ദുകൃഷ്ണ

കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാറ്റലൈറ്റ് പോർട്ടായി കൊല്ലത്തെ വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം പോർട്ട് വികസനവുമായി ബന്ധപ്പെട്ട് പോ‌ർട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതിന്റ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസനത്തിന് വിവിധ പദ്ധതികൾ സർക്കാർ തയ്യാറാക്കി വരികയാണ്. തൊട്ടടുത്ത ദിവസം തന്നെ തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

ഫ്ളോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കൽ, ടൂറിസ്റ്റ് കപ്പലുകൾ ഇവിടെ നിന്ന് ആരംഭിക്കൽ തുടങ്ങിയ ഒട്ടേറെ സാദ്ധ്യതകൾ പരിഗണിക്കുന്നുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തിനുശേഷം തുറമുഖത്ത് ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല. എട്ട് മീറ്ററെങ്കിലും ആഴം ഉണ്ടെങ്കിലേ കപ്പൽ അടുപ്പിക്കാനാകു. സർവേ നടത്തി നിലവിലെ ആഴം കണ്ടെത്തി ഡ്രഡ്‌ജിംഗിനുള്ള നടപടി സ്വീകരിക്കും. നിലവിലെ വാർഫിന് ആഴമില്ലാത്തത്, കസ്റ്റംസുമായി ബന്ധപ്പെട്ട തടസങ്ങൾ, കോസ്റ്റൽ പൊലീസ് ബോട്ടുകളുടെ കാലപ്പഴക്കം, പോർട്ടിൽ ഹൈമാസ്റ്റ് ലൈറ്റുകളും കാമറകളും പ്രവർത്തിക്കാത്തത്, മത്സ്യബന്ധന വള്ളങ്ങളിൽ നിന്ന് സാധനസാമഗ്രികൾ മോഷണം പോകുന്നത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പോ‍ർട്ട് അധികൃതരും മത്സ്യത്തൊഴിലാളികളും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മേയർ എ.കെ.ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ, പോർട്ട് ഓഫീസർ ക്യാപ്ടൻ ജിസ്മാൻ ജേക്കബ്, പോർട്ട് പർസർ സുനിൽ, പോർട്ട് കൺസർവേറ്റർ അനിൽ കുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL