കൊല്ലം: കൊല്ലം- തേനി ദേശീയപാത വികസനത്തിനുള്ള ചെലവിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമുണ്ടാകണമെന്ന എൻ.എച്ച്.എ.ഐയുടെ വ്യവസ്ഥ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ദേശീയപാത കടവൂർ മുതൽ ആഞ്ഞലിമൂട് വരെ വികസിപ്പിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ജി.എസ്.ടി കേന്ദ്രസർക്കാരിന് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കാൻ 1663.15 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയത് വ്യവസ്ഥകൾക്ക് വിധേയമായാണ്. യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കാനുള്ള ഭൂമി ഏറ്റെടുക്കലിനും മാറ്റി സ്ഥാപിക്കാനുമുള്ള മുഴുവൻ ചെലവ് സംസ്ഥാനം വഹിക്കുകയോ ജി.എസ്.ടിയുടെ സംസ്ഥാന വിഹിതം കേന്ദ്രത്തിന് നൽകുകയോ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പദ്ധതിക്ക് അനുമതി കാലയളവ് ആറുമാസമാണ്. ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിച്ചില്ലെങ്കിൽ അനുമതി സ്വമേധയാ ഇല്ലാതാകുമെന്നുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ അടിയന്തരമായി വിഷയത്തിൽ തീരുമാനമെടുക്കേണ്ട ആവശ്യകത എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുഖ്യമന്ത്രി വി.ഡി.സതീശൻ, പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ, ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ എന്നിവരെ നേരിൽ കണ്ട് ചർച്ച നടത്തി ഗൗരവം ധരിപ്പിച്ചു. എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നത്. വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത 183ന്റെ വികസന പദ്ധതി സാദ്ധ്യമാകുന്നതോടുകൂടി പ്രദേശത്ത് ഗതാഗതം സുഗമമാവും.
കേന്ദ്ര വ്യവസ്ഥ അംഗീകരിച്ച് സമയബന്ധിതമായി ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. ഉത്തരവ് അടിയന്തരമായി കേന്ദ്രമന്ത്രാലയത്തെയും ദേശീയപാത അതോറിറ്റിയെയും അറിയിക്കണം.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |