SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

ജില്ലയിലും പിടിമുറുക്കി വിസ തട്ടിപ്പുകാർ

കൊല്ലം: വിദേശജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ ജില്ലയിൽ സജീവം. ഈ വർഷം ഇതുവരെ ഇരുന്നൂറിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിലേറെയും വിസയും വിദേശജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളാണ്.

വാഗ്ദാനങ്ങളിൽ വീണ് രേഖകളില്ലാതെ പണം കൈമാറിയവർ ഇപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ വിലപിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് ആസ്ട്രേലിയയിൽ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയിൽനിന്ന് 10.50 ലക്ഷം തട്ടിയ ദമ്പതികളെ പൊലീസ് പൊക്കിയത്. 2025ലെ പരാതിയിലായിരുന്നു അറസ്റ്റ്. നാല് ലക്ഷത്തിന് ഇറ്റലിയിൽ ഉയർന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത് 60ലധികം പേരിൽ നിന്നായി രണ്ടരക്കോടിയോളം തട്ടിയ സംഭവത്തിൽ സ്വകാര്യ സ്ഥാപനത്തിനും ഉടമകൾക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി പ്രളയമായിരുന്നു.

സമാനമായി നഗരത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്വകാര്യ സ്ഥാപനത്തിനെതിരെയും നിരവധി പരാതികൾ ഉയരുന്നുണ്ട്. 80 പേരിൽ നിന്നായി കോടികളാണ് ഇവിടെയും തട്ടിയെടുത്തത്. സ്ഥാപനത്തിനെതിരെ അഞ്ചാലുംമൂട് പൊലീസ് കഴിഞ്ഞദിവസം ആദ്യ കേസെടുത്തു. അധികം മുമ്പല്ല, തുർക്കിയിലേക്ക് വിസയുണ്ടെന്ന് വിശ്വസിപ്പിച്ച് കുണ്ടറ സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം തട്ടിയത്. അന്ന് മലയാളിയെ പറ്റിച്ച യു.പി സ്വദേശിയെ കുണ്ടറ പൊലീസ് പിടികൂടിയിരുന്നു.

പൊലീസ് മറന്നു, ‘ഓപ്പറേഷൻ ശുഭയാത്ര’

 വിസ തട്ടിപ്പും അനധികൃത റിക്രൂട്ട്മെന്റും തടയാൻ 2022ൽ തുടങ്ങിയ ‘ഓപ്പറേഷൻ ശുഭയാത്ര’ നിർജീവം

 മനുഷ്യക്കടത്ത് തടയാൻ നിരീക്ഷണ സംവിധാനമുണ്ടെങ്കിലും തുടർനടപടിയില്ല

 പൊലീസ് ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുകൾ പേരിലൊതുങ്ങി

 തീരദേശത്തും വിമാനത്താവളങ്ങളിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ ഫലപ്രദമല്ല

 സമൂഹ്യമാദ്ധ്യമ റിക്രൂട്ട്മെന്റ് തട്ടിപ്പിലും സൈബർ വിഭാഗത്തിന്റെ ഇടപെടൽ കുറവ്

 വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ സംവിധാനമുണ്ടെങ്കിലും തട്ടിപ്പുകൾ തടയാൻ നടപടിയില്ല

വ്യാജ വാഗ്ദാനത്തിൽ വീഴരുത്

വിദേശജോലിക്ക് അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെ വേണം ആശ്രയിക്കേണ്ടത്. ഇ-മൈഗ്രേറ്റ് പോർട്ടലിൽ ഏജൻസിയുടെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കാനാകും. സമൂഹമാദ്ധ്യമങ്ങളിലെ ആകർഷകമായ തൊഴിൽ പരസ്യങ്ങളും ‘വിസ ഗ്യാരണ്ടി’ വാഗ്ദാനങ്ങളിലും വിശ്വസിക്കരുത്. ലഭിക്കുന്ന ജോലി ഓഫർ ലെറ്ററും തൊഴിൽദാതാവിന്റെ വിവരങ്ങളും ഔദ്യോഗിക മാർഗങ്ങളിലൂടെ നേരിട്ട് ഉറപ്പാക്കണം. പണമിടപാടുകൾ ബാങ്ക് വഴി നടത്തി കൃത്യമായ കരാറും രസീതും വാങ്ങണം.

പാസ്‌പോർട്ടിന്റെയും മറ്റ് പ്രധാന രേഖകളുടെയും ഒറിജിനൽ അനാവശ്യമായി ഏജൻസികൾക്ക് കൈമാറരുത്.

പൊലീസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL