
കൊല്ലം: അവയവദാനത്തിന്റെ മഹത്വം തമിഴ്‌നാടിന്റെ മണ്ണിലും മാതൃകയാക്കിയ കൊല്ലം സ്വദേശിയുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാരിന്റെ ആദരം. മരണാനന്തര അവയവദാനത്തിലൂടെ അഞ്ചിലധികം ആളുകൾക്ക് പുതുജീവൻ പകർന്ന ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ എച്ച്.അരുണിന്റെ (24) മാതാപിതാക്കളായ ഹരികുമാറിനെയും ശ്രീലതയെയുമാണ് ആദരിച്ചത്. ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് ചെന്നൈ കലൈവാണർ അരങ്കത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തമിഴ്‌നാട് മെഡിക്കൽ ആൻഡ് പബ്ലിക് വെൽഫെയർ ഡിപ്പാർട്ട്‌മെന്റിന്റെയും തമിഴ്‌നാട് ഓർഗൻ ട്രാൻസ്പ്‌ളാന്റ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആദരിച്ചത്.
കഴിഞ്ഞ 10ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ വാഹനാപകടത്തിലാണ് അരുണിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മകന്റെ വേർപാടിന്റെ കഠിനമായ ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുക്കാൻ അരുണിന്റെ മാതാപിതാക്കളും ബന്ധുക്കളും ധൈര്യപൂർവം മുന്നോട്ടുവരികയായിരുന്നു.
അരുണിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് കണ്ണുകൾ, ചർമ്മം, ഹൃദയ വാൽവ്, ശ്വാസകോശം, കുടൽ എന്നിവയാണ് ദാനം ചെയ്തത്. ചെന്നൈയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾക്കാണ് അവയവങ്ങൾ വിജയകരമായി വച്ചുപിടിപ്പിച്ചത്.
മകന്റെ ഓർമ്മകൾ മറ്റുള്ളവരിലൂടെ ജീവിക്കുമെന്നത് വലിയ ആശ്വാസമാണ്. തമിഴ്‌നാട്-കേരള സർക്കാരുകൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് വകുപ്പുകൾ എന്നിവർ നൽകിയ പിന്തുണയ്ക്ക് നന്ദി.
അരുണിന്റെ മാതാപിതാക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |