കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ പിൻവശത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. വടക്കുംഭാഗം ആൽബിൻ ഭവനത്തിൽ ആൽബിനാണ് (29) അറസ്റ്റിലായത്. കഴിഞ്ഞ 22ന് രാത്രി 7.20 ഓടെ തെക്കുംഭാഗം-കരുനാഗപ്പള്ളി റോഡിൽ സർവീസ് നടത്തുന്ന ബസും അതേ ദിശയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആൽബിനും തമ്മിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോയിവിള കല്ലരിക്കൽ ജംഗ്ഷനിൽ വച്ച് തർക്കമുണ്ടായി.
തുടർന്ന് ആൽബിൻ കെ.എസ്.ആർ.ടി.സി ഡ്രൈവറായ സജീവനെ (52) മർദ്ദിച്ച ശേഷം പാറക്കല്ല് ഉപയോഗിച്ച് ബസിന്റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർത്തു. ബസിന് ഏകദേശം 14,000 രൂപയുടെയും രണ്ട് ട്രിപ്പുകൾ മുടങ്ങിയതിനെ തുടർന്ന് 10,000 രൂപയുടെയും നഷ്ടമുണ്ടായി. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാതിയിൽ സർക്കാരുദ്യോഗസ്ഥനെ മർദ്ദിച്ച് ജോലി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പി.ഡി.പി.പി ആക്ട് ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്താണ് അറസ്റ്റ്. തെക്കുംഭാഗം എസ്.എച്ച്.ഒ ഷബന, എസ്.ഐ ഉണ്ണിക്കൃഷ്ണൻ, സി.പി.ഒമാരായ ഷിനാസ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |