SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

വിദ്യാർത്ഥിയെ എച്ചിൽ കൈയ്ക്ക് കരണത്തടിച്ചു, പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കൊല്ലം: കാറ്റടിച്ച് ജനൽപ്പാളി അടഞ്ഞതിന്റെ പേരിൽ ഒൻപതാം ക്ലാസുകാരനെ സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. കടയ്ക്കൽ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ ഓഫീസ് അറ്റൻഡർ രതീഷിനെതിരെയാണ് പരാതി. കഴിഞ്ഞ 11നാണ് സംഭവം. ജനൽ അടഞ്ഞതിനെ തുടർന്ന് ജെൻസ് സ്റ്റാഫ് റൂമിൽ ഭക്ഷണം കഴിക്കുകയായിരുന്ന രതീഷ് പ്രകോപനമില്ലാതെ വരാന്തയിൽ നിന്ന തന്നെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ പരാതി.

സംഭവം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ ജീവനക്കാരനെതിരെ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ ഉറപ്പുനൽകിയതോടെ പരാതി പിൻവലിച്ചെന്നാണ് വിദ്യാർത്ഥി പറയുന്നത്.

ചൊവ്വാഴ്ച നടന്ന സ്പോർട്സ് മീറ്റിലും തുടർന്ന് ബുധനാഴ്ചയും രതീഷ് സ്കൂളിലെത്തിയതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം സ്കൂൾ വിടേണ്ടിവന്നു. ഇന്നലെയും നടപടിയെക്കാഞ്ഞതോടെ ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പഠിപ്പുമുടക്കി സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നടപടി ഉണ്ടാകും വരെ സമരം ചെയ്യാനാണ് എസ്.എഫ്.ഐയുടെ തീരുമാനമെന്ന് ഏരിയ ഭാരവാഹികൾ പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് ഇന്നലെ പി.ടി.എ യോഗം ചേർന്നെങ്കിലും രതീഷിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമായില്ല. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി കുട്ടി തന്നെ പിൻവലിച്ചതോടെയാണ് നടപടികളിലേക്ക് കടക്കാതിരുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധി എസ്.ബുഹാരി പറഞ്ഞു. സമരം തുടർന്നാൽ സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണെന്നും തുടർച്ചയായ സമരങ്ങൾ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL