SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി: സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് വിമർശനവും പരിഹാസവും

കൊല്ലം: സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും രൂക്ഷമായ വിമർശനം. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും എം.വി.ഗോവിന്ദനെതിരെ വിമർശനം ഉയർത്തി.

എം.വി.ഗോവിന്ദൻ തള്ളിപ്പറമ്പിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത് പാർലമെന്ററി വ്യാമോഹത്തിന്റെ മറ്റൊരു രൂപമാണെന്ന് കൊട്ടാരക്കരയിൽ നിന്നുള്ള പ്രതിനിധി തുറന്നടിച്ചു. മുൻകാല നേതാക്കളെപ്പോലെ ഇപ്പോഴത്തെ നേതാക്കൾ മക്കളെ നയിക്കണമെന്ന് കുണ്ടറയിൽ നിന്നുള്ള പ്രതിനിധി പിണറായിയെ ലക്ഷ്യം വച്ച് പറഞ്ഞു. ഇ.എം.എസിന്റെ മകൾ പാർട്ടി പത്രത്തിലാണ് ജോലി ചെയ്തത്. എന്നാൽ പിണറായിയുടെ മകൾ വിദേശത്ത് ബിസിനസ് നടത്താൻ പോയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.

ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്നും വിമർശനം ഉയർന്നു. ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് പകരം പുഴയെയും കായലിനെയും കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് കൊട്ടിയം ഏരിയാ ഡെലിഗേഷൻ വിമർശനം ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ സെന്ററും ദുർബലമാണ്. ജില്ലയിലെ പല നേതാക്കളും ഭരണമുണ്ടായിരുന്നപ്പോൾ ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്, എന്നിങ്ങനെ നീണ്ടു വിമർശനങ്ങൾ. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാരുടെ പെരുമാറ്റത്തെ ചർച്ചയിൽ പങ്കെടുത്ത ഒട്ടുമിക്കവരും വിമർശിച്ചു. ഇന്നലത്തെ പൊതുചർച്ച നാല് മണിക്കൂറോളം നീണ്ടു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ചർച്ച പൂർത്തിയാക്കി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മറുപടി പറയും.

സി.പി.ഐക്കാർ സ്വയം തോൽപ്പിച്ചു

ചാത്തന്നൂരിലും ചടയമംഗലത്തും സി.പി.ഐക്കാർ തന്നെ സ്വന്തം സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതാണ് അവിടങ്ങളിലെ പരാജയത്തിന്റെ കാരണമെന്ന് ആരോപണം ഉയർന്നു. ചാത്തന്നൂരിൽ സ്ഥാനാർത്ഥി നിർണയം പിഴച്ചു. സംസ്ഥാനത്താകെ സി.പി.എമ്മിന്റെയും സ്ഥാനാർത്ഥി നിർണയം പിഴച്ചു. ജില്ലയിൽ സി.പി.എമ്മിന് ഒരു വനിതാ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ കഴിയാഞ്ഞത് വലിയ വീഴ്ചയാണ്, എന്നിങ്ങനെയും വിമർശനം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL