SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

ജില്ലയിൽ വീണ്ടും അഞ്ചാംപനി

കൊല്ലം: ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഞ്ചാംപനി (മീസെൽസ്) സ്ഥിരീകരിച്ചു. പ്രതിരോധ കുത്തിവയ്പുകളോടുള്ള വിമുഖതയും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിലെ വീഴ്ചയുമാണ് രോഗവ്യാപനത്തിന് കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമാണിത്. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക അണുബാധ എന്നിവയിലേക്ക് നയിച്ച് മരണംവരെ സംഭവിക്കാം. വാക്‌സിൻ എടുക്കാത്തവരിലാണ് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അഞ്ചാം പനി ബാധിതരെ എറ്റവും കൂടുതൽ സങ്കീർണമാക്കുന്നത് വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണവും ചെവിയിൽ പഴുപ്പുമാണ്. പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. വിറ്റാമിൻ എയുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും അനുബന്ധമായുണ്ടാകും. അഞ്ചാം പനി മരണങ്ങളിലെ പ്രധാന വില്ലൻ ന്യുമോണിയയാണ്. തത്കാലം ഭേദമായാലും അഞ്ചാം പനി വന്ന് 7-10 വർഷങ്ങൾ കഴിഞ്ഞാലും തലച്ചോറിനെ ബാധിച്ച് മരണകാരണമായേക്കാം.

ബൂസ്റ്റർ ഡോസ് മുടങ്ങുന്നു

കുട്ടികൾക്ക് 9 മുതൽ 12 മാസത്തിനിടയിൽ ഒന്നാം ഡോസും, 16 മുതൽ 24 മാസത്തിനുള്ളിൽ രണ്ടാമത്തെ ഡോസും (ബൂസ്റ്റർ ഡോസ്) നൽകണം. ഒന്നാം ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നിശ്ചിത സമയത്ത് എടുക്കാതിരിക്കുന്നത് പൂർണ സംരക്ഷണം നൽകില്ല. 5 വയസുവരെയുള്ള കുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമാണ്.

രോഗലക്ഷണം

​ കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന

 ​കണ്ണ് ചുവന്ന് തുടുക്കുക, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്

 വായിൽ മോണയുടെ വശങ്ങളിൽ ചാരനിറത്തിലുള്ള കുരുക്കൾ

 ​ചെവിയുടെ പുറകിലും മുഖത്തും ചുവന്ന തടിപ്പുകൾ/കുരുക്കൾ

 ​പിന്നീട് കഴുത്ത്, നെഞ്ച്, വയറ്, കൈകാലുകൾ എന്നിവിടങ്ങളിലേക്ക് പടരുന്നു

ചികിത്സയും പ്രതിരോധവും

 രോഗബാധിതരെ പ്രത്യേക മുറിയിൽ പാർപ്പിക്കുക

 തിളപ്പിച്ചാറിയ വെള്ളം, കഞ്ഞി വെള്ളം, ഒ.ആർ.എസ് എന്നിവ ധാരാളം നൽകുക

 ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ-എ നൽകുക

 പനി കുറയാതിരിക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അമിതമായ ക്ഷീണം, ബോധക്കേട് എന്നിവ ഉണ്ടായാൽ

 ആശുപത്രിയിലെത്തിക്കുക

ജില്ലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുൻകരുതലുകളുടെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാനുള്ള നടപടികളും സർവൈലൻസും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ഡി.എം.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL