SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

തെരുവ് നായ വന്ധ്യംകരണം... പദ്ധതി​ പേരി​ലൊതുങ്ങി​, കടി​ പേടി​ച്ച് എത്രനാൾ!

തഴവ: തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാനുള്ള ആനി​മൽ ബർത്ത് കൺ​ട്രോൾ (എ.ബി.സി) പദ്ധതി ജില്ലയിൽ കൊല്ലം കോർപ്പറേഷനിൽ മാത്രമായി ചുരുങ്ങിയതോടെ മറ്റി​ടങ്ങളി​ൽ പുറത്തി​റങ്ങാനാവാത്ത അവസ്ഥ. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ സങ്കീർണമായ വ്യവസ്ഥകളാണ് എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കുന്നതി​ലെ പ്രധാന പ്രതി​സന്ധി​.

പുതിയ വ്യവസ്ഥ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം വെറ്ററിനറി ഓഫീസർമാരുടെയോ അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസിയുടേയോ മേൽനോട്ടത്തിലായിരിക്കണം എ.ബി.സി പദ്ധതി നടപ്പാക്കേണ്ടത്. ഇതിന് ആവശ്യമായ നായ്ക്കൂടുകൾ, നായ്ക്കളെ പിടികൂടാനുള്ള വാഹനങ്ങൾ, പൂർണ്ണമായും ശീതീകരിച്ച ശസ്ത്രക്രിയ തിയേറ്ററുകൾ, സി.സി.ടി.വി സംവിധാനങ്ങൾ തുടങ്ങിയവയും തദ്ദേശ സ്ഥാപനങ്ങൾ സജ്ജമാക്കണം. നായ്ക്കളെ പിടികൂടുന്നത് മുതൽ ശസ്ത്രക്രിയ, വാക്സിനേഷൻ, മരുന്നുകൾ, ആഹാരം ഒരുക്കൽ, ജീവനക്കാരുടെ ശമ്പളം, തുടർന്നുള്ള പരിചരണം ഉൾപ്പടെ വലിയ തുകയാണ് ഇതിന് വേണ്ടി​വരുന്നത്. വിവിധ ക്ഷേമ പദ്ധതികൾക്ക് ഉൾപ്പെടെ പണം കണ്ടെത്താൻ നട്ടം തിരിയുന്നതിനിടെ എ.ബി.സി പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ ഉപേക്ഷിക്കുകയാണ്.

തെരുവ് നായ്ക്കൾ മൂലം ഇരുചക്രവാഹന യാത്രക്കാർ അപകടപ്പെടുന്നത് ജില്ലയിൽ നിത്യസംഭവമായി. സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർക്കെതിരെ നായ്ക്കൂട്ടം അക്രമം നടത്തുന്ന സംഭവങ്ങളും വിരളമല്ല. മാർക്കറ്റുകൾ, ഹോട്ടലുകൾ, അറവ് ശാലകൾ, ആളൊഴിഞ്ഞ പുരയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഒരു പഞ്ചായത്ത് പ്രദേശത്ത് തന്നെ ആയിരത്തിൽപ്പരം തെരുവ് നായ്ക്കളാണ് വി​ഹരി​ക്കുന്നത്. പേ വി​ഷബാധയുള്ള അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ പോലും അംഗീകൃത മൃഗ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്നാണ് മാനദണ്ഡം.

പ്രതി​ഷേധങ്ങളും തി​രി​ച്ചടി​

ജില്ലയിൽ തഴവ, ശാസ്താംകോട്ട, പത്തനാപുരം, പന്മന ,ചിറക്കര , ചിതറ കടയ്ക്കൽ തുടങ്ങി പത്തിൽപ്പരം പഞ്ചായത്തുകൾ എ.ബി.സി സെന്റർ സ്ഥാപിക്കാൻ ഊർജിതമായ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചവറ ഉൾപ്പെടെ ചില പഞ്ചായത്തുകൾ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിയെങ്കിലും സങ്കീർണമായ നിയന്ത്രണങ്ങൾ ഇവി​ടെയും പ്രതിസന്ധിയായി​. ആവശ്യമായ ഫണ്ട്, വിദഗ്ദ്ധരായ ജീവനക്കാർ, പശ്ചാത്തല സൗകര്യങ്ങൾ എന്നിവ കൂടാതെ പദ്ധതിക്കെതിരെ പ്രദേശവാസികൾ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളും വലിയ വെല്ലുവിളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL